അബുദാബി: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

GCC News

2022-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ജൂലൈ 7-നാണ് ITC ഇക്കാര്യം അറിയിച്ചത്.

ഈദുൽ അദ്ഹ അവധിദിനങ്ങളിലെ പൊതുഗതാഗതവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ പ്രവർത്തനസമയക്രമം അറിയിച്ച് കൊണ്ടാണ് ITC ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വാഹന പാർക്കിംഗ്:

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ ജൂലൈ 8, വെള്ളിയാഴ്ച മുതൽ ജൂലൈ 12, ചൊവ്വാഴ്ച രാവിലെ 7.59 വരെ പാർക്കിംഗ് ഫീ ഈടാക്കില്ലെന്ന് ITC അറിയിച്ചിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ M18 പാർക്കിംഗ് ഇടത്തിലും അവധി ദിനങ്ങളിൽ പാർക്കിംഗ് സൗജന്യമാക്കിയിട്ടുണ്ട്.

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ ശ്രദ്ധയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ പൊതുജനങ്ങളോട് ITC ആഹ്വാനം ചെയ്തു. പാർക്കിങ്ങിന് അനുമതിയില്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും ITC ആവശ്യപ്പെട്ടിട്ടുണ്ട്. റസിഡന്റ് പാർക്കിംഗ് സമയക്രമങ്ങൾ (ദിനവും രാത്രി 9 മുതൽ രാവിലെ 8 വരെ) പാലിക്കാനും ITC ആവശ്യപ്പെട്ടു.

ഡാർബ് ടോൾ:

2022 ജൂലൈ 8, വെള്ളിയാഴ്ച മുതൽ ജൂലൈ 11, തിങ്കളാഴ്ച്ച വരെയാണ് DARB ടോൾ ഒഴിവാക്കി നൽകുന്നത്. ജൂലൈ 12-ലെ ടോൾ ബാധകമാക്കുന്ന കാലത്ത് 7 മണി മുതൽ ഈ ഫീ ഈടാക്കുന്നതാണ്.

ബസ്:

പൊതുഗതാഗത ബസുകൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുന്നതാണ്. ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത്, ദിനവും വൈകീട്ട് 4 മുതൽ രാത്രി 12 വരെയുള്ള സമയം അധികമായി അഞ്ച് പ്രാദേശിക സർവീസുകൾ ഏർപ്പെടുത്തുന്നതാണ്.