അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് 2022 മാർച്ച് 18-ന് അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ കീഴിൽ ഒരുക്കുന്ന ഈ മേള അൽ ബഹർ അബുദാബി കോർണിഷിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.
ഉദ്‌ഘാടനത്തിന് ശേഷം അദ്ദേഹം അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ വേദിയിലൂടെ പര്യടനം നടത്തുകയും, മേളയിലെ വിവിധ ആകർശനങ്ങളായ വർക്ക്ഷോപ്പുകൾ, സംഗീത പരിപാടികൾ, കരകൗശല പ്രദർശനങ്ങൾ മുതലായവ ആസ്വദിക്കുകയും ചെയ്തു. വരും തലമുറയ്ക്കായി യു എ ഇ സാംസ്‌കാരിക പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
മാർച്ച് 18-ന് ആരംഭിക്കുന്ന അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ മാർച്ച് 27 വരെ നീണ്ട് നിൽക്കും. യു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകം സന്ദർശകരുടെ മുന്നിൽ എടുത്ത് കാട്ടുന്നതിനും, കപ്പലോട്ടം, കപ്പൽ നിർമ്മാണം, മത്സ്യ ബന്ധനം, മുത്ത്, പവിഴം എന്നിവയുടെ ശേഖരണം തുടങ്ങിയ മേഖലകളിൽ യു എ ഇയുടെ പാരമ്പര്യം ഉയർത്തിക്കാട്ടുന്നതിനുമായാണ് ഈ മേള സംഘടിപ്പിക്കുന്നത്.
സന്ദർശകർക്കായി ഈ മേളയിൽ പ്രത്യേക വർക്ക്ഷോപ്പുകൾ, മറ്റു പരിശീലന പരിപാടികൾ, കലാ പ്രകടനങ്ങൾ, പാരമ്പര്യത്തെ അടുത്തറിയുന്നതിനുള്ള പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതാണ്. മേളയുടെ ഭാഗമായി ഭക്ഷ്യവിഭവങ്ങൾ ഉൾപ്പടെ ലഭിക്കുന്ന ഒരു പരമ്പരാഗത മാർക്കറ്റ് പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 11 വരെയാണ് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. മുതിർന്നവർക്ക് 30 ദിർഹം, അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹം എന്നീ രീതിയിലാണ് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ വേദി സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്. https://abudhabiculture.ae/en/cultural-calendar/festivals-and-heritage/maritime-heritage-festival-2022 എന്ന വിലാസത്തിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാണ്.
Cover Image: Abu Dhabi Media Office.