2024 നവംബറിൽ നടക്കുന്ന ലോക ഭക്ഷ്യ സുരക്ഷാ ഉച്ചകോടിയ്ക്ക് അബുദാബി ആതിഥേയത്വം വഹിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതാദ്യമായാണ് അബുദാബി ലോക ഭക്ഷ്യ സുരക്ഷാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അബുദാബി അഗ്രികൾച്ചർ ആൻ്റ് ഫുഡ് സെക്യൂരിറ്റി വീക്കിൻ്റെ (ADAFSW) ഭാഗമായാണ് ഈ ഉച്ചകോടി നടക്കുന്നത്.
അബുദാബി എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ച് 2024 നവംബർ 26, 27 തീയതികളിലാണ് ലോക ഭക്ഷ്യ സുരക്ഷാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോടതി ചെയർമാനും, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ഡയറക്ടർ ബോർഡ് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ADAFSA, എഫ് & ബി മാനുഫാക്ചറിംഗ് ഗ്രൂപ്പ് (FBMG) എന്നിവരുടെ പങ്കാളിത്തത്തോടെ ADNEC ഗ്രൂപ്പ് ഒരുക്കുന്ന ഈ ഉച്ചകോടിയിൽ ആഗോള ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നൂതനമായ പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതാണ്. പട്ടിണി ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഈ ഉച്ചകോടി പിന്തുണയ്ക്കുന്നു.
ഭക്ഷ്യസുരക്ഷ ഒരു പ്രധാന ആഗോള വെല്ലുവിളിയാണെന്ന് ADAFSA ഡയറക്ടർ ജനറൽ സഈദ് അൽ ബഹ്രി സലേം അൽ അമേരി പറഞ്ഞു. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ ലോകത്തിലെ പ്രമുഖ ഭക്ഷ്യസുരക്ഷാ വിദഗ്ധർ, പൊതു-സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥർ, സിവിൽ സൊസൈറ്റി നേതാക്കൾ എന്നിവരുടെ ഒരു വിശിഷ്ട സംഘത്തെ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
WAM