അബുദാബി: സിനിമാശാലകൾ തുറക്കാൻ തീരുമാനം

UAE

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി 2021 ഫെബ്രുവരി 7 മുതൽ അടച്ചിട്ടിരുന്ന എമിറേറ്റിലെ സിനിമാശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി തീരുമാനിച്ചു. മാർച്ച് 6-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പരമാവധി ശേഷിയുടെ 30 ശതമാനം സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് എമിറേറ്റിലെ സിനിമാശാലകൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികളോടെയാണ് അബുദാബിയിലെ സിനിമാശാലകൾ തുറക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സിനിമാശാലകളിലെത്തുന്ന സന്ദർശകർ മാസ്കുകൾ, സമൂഹ അകലം, കൈകളുടെ ശുചിത്വം, കൃത്യമായ അണുനശീകരണം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.