ജൂലൈ 1 മുതൽ അബുദാബിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു. ജൂലൈ 1, ബുധനാഴ്ച്ച രാവിലെ 8 മണി മുതൽ മവാഖിഫ് പാർക്കിങ്ങ് ഫീസ് പുനരാരംഭിക്കുമെന്ന് ജൂൺ 21നു പുറത്തിറക്കിയ അറിയിപ്പിൽ ITC വ്യക്തമാക്കിയിട്ടുണ്ട്. COVID-19 സാഹചര്യത്തിൽ, 3 മാസത്തോളമായി അബുദാബിയിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കി നൽകിയിരുന്നു.
മവാഖിഫ് പാർക്കിങ്ങ് ഫീസ് നൽകുന്നതിനായി, കഴിയുന്നതും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാൻ വാഹന ഉടമകളോട് ITC ആഹ്വാനം ചെയ്തു.
ഇതിനായി SMS, Darb സ്മാർട്ട് ആപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. SMS-ലൂടെ 3009 എന്ന നമ്പറിലേക്ക് സിറ്റി കോഡ്, പ്ലേറ്റ് കാറ്റഗറി, പ്ലേറ്റ് നമ്പർ, പാർക്കിങ്ങ് സ്പേസ് ടൈപ്പ്, പാർക്കിങ്ങ് ആവശ്യമായ മണിക്കൂർ എന്നിവ അയച്ച് കൊണ്ട് ഈ ഫീസ് നൽകാവുന്നതാണ്. നിങ്ങളുടെ മൊബൈൽ സേവനദാതാവിന്റെ SMS നിരക്കുകൾ ഇതിനു ബാധകമായിരിക്കും. ഉപഭോക്താക്കളുടെ സുരക്ഷയെ മുൻനിർത്തി പാർക്കിങ്ങ് മീറ്ററുകൾ ദിനവും അണുവിമുക്തമാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.