അബുദാബി: എമിറേറ്റിലെ മുഴുവൻ കെട്ടിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ ഉറപ്പ് വരുത്താൻ സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി

UAE

എമിറേറ്റിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും സുരക്ഷാ ഉപകരണങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പ് വരുത്താൻ അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകി. ജൂലൈ 9-ന് വൈകീട്ടാണ് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, എമിറേറ്റിലെ കെട്ടിടങ്ങളിൽ സ്മോക് ഡിറ്റക്ടർ, കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന അഗ്നിശമനോപകരണങ്ങൾ മുതലായവ നിർബന്ധമായും ഉറപ്പാക്കേണ്ടതാണ്. ഇതിന് പുറമെ, തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന്റ പ്ലാനുകൾ അടങ്ങിയ അടയാളബോർഡുകൾ ഉറപ്പ് വരുത്തേണ്ടതും, തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ ആളുകളെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നതിന്റെ പരിശീലന പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്തേണ്ടതുമാണ്.

അടിയന്തിര സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ടതായ സുരക്ഷാ നടപടിക്രമങ്ങൾ സംബന്ധിച്ച് കെട്ടിടങ്ങളിലെ താമസക്കാർക്ക് കൃത്യമായ വിവരങ്ങൾ മുൻകൂറായി നൽകേണ്ടതാണ്. എമിറേറ്റിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നടപടികളെല്ലാം കെട്ടിടങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ടെന്ന് കെട്ടിട ഉടമ ഉറപ്പ് വരുത്തേണ്ടതാണ്. അടിയന്തിര ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ സിവിൽ ഡിഫൻസ് അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.