അബുദാബിയിലെ ഏറ്റവും വലിയ സൗരോർജ്ജ കാർ പാർക്കിംഗ് സംവിധാനം പൂർത്തിയായി

UAE

എമിറേറ്റിലെ ഏറ്റവും വലിയ സൗരോർജ്ജ കാർ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണം പൂർത്തിയായതായി അബുദാബി എയർപോർട്ട്സ്, മസ്ദാർ എന്നിവർ സംയുക്തമായി പ്രഖ്യാപിച്ചു. ഈ സൗരോർജ്ജ കാർ പാർക്കിംഗ് സംവിധാനം നിലവിൽ വരുന്നതോടെ 5300 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുന്നത് ഒഴിവാക്കാനാകുന്നതാണ്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിഡ്‌ഫീൽഡ് ടെർമിനലിലെ ഹ്രസ്വകാല കാർ പാർക്കിലുള്ള കാർ ഷേഡിംഗിലാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഈ മൂന്ന് മെഗാവാട്ട് സോളാർ ഫോട്ടോവോൾട്ടായിക്ക് പദ്ധതി 7542 സോളാർ പാനലുകൾ ഉപയോഗിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.

ഈ ഗ്രിഡ്-കണക്റ്റഡ് പദ്ധതി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഊർജ്ജം കാർ പാർക്കിംഗ് സംവിധാനത്തിന്റെ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തുന്നതാണ്. ഇതിൽ നിന്ന് സൃഷ്ടിക്കുന്ന അധിക ഊർജ്ജം വിമാനത്താവളത്തിലെ മറ്റ് മേഖലകളിൽ ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് രൂപം നൽകിയിരിക്കുന്നത്.

“മിഡ്ഫീൽഡ് ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് നൂതനവും സുഗമവും തടസ്സരഹിതവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിന് മാത്രമല്ല, മറിച്ച് യു‌എഇയുടെ മനോഹരമായ പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്ന രീതിയിലും കൂടിയാണ്. അതിന്‍റെ വികസനത്തിലുടനീളം, സുസ്ഥിരത പ്രാപ്തമാക്കുകയും പരിസ്ഥിതിയെ പരിരക്ഷിക്കുകയും വൃത്തിയുള്ളതും ഹരിതാഭവും പരിസ്ഥിതി സൗഹാർദ്ദപരവുമായ കെട്ടിടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ നമ്മൾ നടപ്പിലാക്കിയിട്ടുണ്ട്”, അബുദാബി വിമാനത്താവളത്തിന്‍റെ സി ഇ ഓ ഷരീഫ് അൽ ഹാഷ്മി അഭിപ്രായപ്പെട്ടു.

“മിഡ്ഫീൽഡ് ടെർമിനലിന്‍റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും നെറ്റ് സീറോ ഡെവലപ്മെന്‍റ് എന്നത് ഒരു കേന്ദ്ര ആശയമായിരുന്നു. ഡബിൾ ഗ്ലേസിംഗ്, കാര്യക്ഷമമായ ലൈറ്റിംഗ്, പാരിസ്ഥിതിക നിയന്ത്രണങ്ങൾ എന്നിവയുടെ ഉപയോഗത്താൽ അതിന്‍റെ വികസന സമയത്ത് മികച്ചതും സുസ്ഥിരവുമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ, കെട്ടിടത്തിലെ വലിയ തോതിലുള്ള ഊർജ്ജ ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്” അൽ ഹാഷ്മി കൂട്ടിച്ചേർത്തു.

“പുതിയ മിഡ്‌ഫീൽഡ് ടെർമിനലിനായുള്ള ഈ ചരിത്രപ്രധാന പദ്ധതിയുടെ സമർപ്പണം യുഎഇയുടെ എനർജി സ്ട്രാറ്റജി 2050, കാലാവസ്ഥാ വ്യതിയാന ലഘൂകരണ ലക്ഷ്യങ്ങൾ എന്നിവയോടുള്ള മസ്ദാർ, അബുദാബി വിമാനത്താവത്തിന്‍റെ പ്രതിബദ്ധതയാണ് എടുത്തുകാണിക്കുന്നത്. അതുപോലെ തന്നെ പുനരുപയോഗ ഊർജ്ജ പദ്ധതി സഹകരണങ്ങളിൽ ഒരു മുൻ‌ഗണനാ പങ്കാളിയെന്ന നിലയിൽ മസ്ദറിന്‍റെ ശേഷിയും പ്രകടമാക്കുന്നു. സമാനമായ പദ്ധതികളിലൂടെ പങ്കാളികൾക്ക് അവരുടെ ക്ലീൻ എനർജി ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കുന്നതിന് വേണ്ടി ഞങ്ങളുടെ പ്രാദേശികവും അന്തർ‌ദ്ദേശീയവുമായ അനുഭവം പ്രയോജനപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”, മസ്ദാർ സി ഇ ഓ മുഹമ്മദ് ജമീൽ അൽ റമാഹി വ്യക്തമാക്കി.

WAM