അബുദാബി: ജൂൺ 22 വരെ വാഹന പിഴതുകകളിൽ 50 ശതമാനം ഇളവ് നേടാം

GCC News

വാഹന പിഴതുകകൾ ഇളവുകളോടെ ഒടുക്കുന്നതിനുള്ള അവസരം ഉപയോഗിക്കാനായി അബുദാബി പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. വാഹന പിഴതുകകളിൽ മൂന്ന് തരം ഇളവുകളാണ് നിലവിൽ അബുദാബി പോലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഡിസംബർ 22, 2019-നു മുൻപുള്ള നിയമലംഘനങ്ങൾക്കു ചുമത്തപ്പെട്ട പിഴതുകകൾ ജൂൺ 22, 2020-നു മുൻപ് ഒടുക്കുന്നവർക്ക് 50 ശതമാനം കിഴിവ് ലഭിക്കും. പിഴതുകകൾ ചുമത്തപ്പെട്ട് 60 ദിവസങ്ങൾക്കുള്ളിൽ അവ ഒടുക്കുന്നവർക്ക് 35 ശതമാനം കിഴിവുകൾ ലഭിക്കുന്നതാണ്. ഡിസംബർ 22, 2020-നു മുൻപ് പിഴ തുകകൾ ഒടുക്കുന്നവർക്ക് 25 ശതമാനം കിഴിവുകൾ അനുവദിക്കുമെന്നും അബുദാബി പോലീസ് അറിയിപ്പിൽ പറയുന്നുണ്ട്.

അബുദാബി പോലീസിന്റെ സ്മാർട്ഫോൺ ആപ്പ് വഴിയോ https://www.adpolice.gov.ae/ar/Pages/home.aspx എന്ന വെബ്സൈറ്റിലൂടെയോ വാഹന ഉടമകൾക്ക് പിഴതുകകൾ അടച്ച് തീർക്കാവുന്നതാണ്. അപകടകരമായ നിയമലംഘനങ്ങൾക്കൊഴികെയുള്ള പിഴകൾക്കാണ് ഇളവുകൾ അനുവദിക്കുന്നത്.