ലൈസൻസ് ഇല്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സഹകരിച്ച് കൊണ്ട് വാണിജ്യ സ്ഥാപനങ്ങൾ നൽകുന്ന പരസ്യങ്ങൾക്ക് 2024 ജൂലൈ 1 മുതൽ അബുദാബി നിയന്ത്രണം ഏർപ്പെടുത്തും. 2024 ജൂൺ 20-നാണ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് (ADDED) ഇക്കാര്യം അറിയിച്ചത്.
വ്യക്തികൾക്ക് നൽകുന്ന ഇത്തരം ഔദ്യോഗിക ലൈസൻസുകൾക്ക് 1250 ദിർഹം ഫീസിനത്തിൽ ചുമത്തുന്നതാണ്. വാണിജ്യ സ്ഥാപനങ്ങൾക്ക് നൽകുന്ന ലൈസൻസുകൾക്ക് 5000 ദിർഹം ഫീസിനത്തിൽ ചുമത്തുന്നതാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യ പ്രചാരണ പരിപാടികൾ നടത്തുന്നതിന് ജൂലൈ 1 മുതൽ വാണിജ്യ സ്ഥാപനങ്ങൾക്ക് ADDED നൽകുന്ന പ്രത്യേക പെർമിറ്റുകളും, ഇത്തരം പരസ്യ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ADDED നൽകുന്ന പ്രത്യേക ലൈസൻസും നിർബന്ധമാകുന്നതാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് പതിനായിരം ദിർഹം വരെ പിഴയിനത്തിൽ ചുമത്തപ്പെടാവുന്നതാണ്.
ഇത്തരം നിയമലംഘനങ്ങൾ വാണിജ്യ സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് നയിക്കപ്പെടാമെന്നും ADDED വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ലൈസൻസുകൾ, പെർമിറ്റ് എന്നിവയ്ക്ക് TAMM നൽകുന്ന യൂണിഫൈഡ് ഡിജിറ്റൽ സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്.
എമിറേറ്റ്സ് ഐ ഡി, യു എ ഇ യൂണിഫൈഡ് നമ്പർ എന്നിവയിലേതെങ്കിലും ലഭിച്ചിട്ടുള്ള വിദേശികൾക്കും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അനുമതി ലഭിക്കുന്നതാണ്.
WAM (Cover Image: Pixabay.)