സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരുമായി പരസ്യ പ്രചാരണപരിപാടികൾക്കായുള്ള കരാറിലേർപ്പെടുമ്പോൾ ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾ നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് (ADDED) ചൂണ്ടിക്കാട്ടി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലൈസൻസ് ഇല്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സഹകരിച്ച് കൊണ്ട് വാണിജ്യ സ്ഥാപനങ്ങൾ നൽകുന്ന പരസ്യങ്ങൾക്ക് 2024 ജൂലൈ 1 മുതൽ അബുദാബി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ADDED നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കൊണ്ട് അബുദാബി എമിറേറ്റിലെ എല്ലാ അംഗീകൃത ബിസിനസ്സുകളും താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ADDED ആവശ്യപ്പെട്ടിട്ടുണ്ട്:
- വെബ്‌സൈറ്റുകളിലൂടെയും മറ്റും പരസ്യങ്ങൾ നൽകുന്ന സേവനങ്ങളുടെ ബിസിനസ്സിൽ ഏർപ്പെടുന്നതിന് ഇത്തരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ADDED നൽകുന്ന ലൈസൻസ് നിർബന്ധമാണ്.
- സാമൂഹിക മാധ്യമങ്ങളിലൂടെ ഏതെങ്കിലും തരത്തിലുള്ള പരസ്യം ചെയ്യൽ, പ്രമോഷൻ അല്ലെങ്കിൽ വിപണനം എന്നിവ നടത്തുന്നതിന് സാമ്പത്തിക സ്ഥാപനങ്ങൾക്ക് അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റിൽ നിന്നുള്ള ഒരു പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
- സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി എന്തെങ്കിലും കരാറുകളിൽ ഏർപ്പെടുന്നതിന് മുമ്പ്, ഇത്തരം സാമ്പത്തിക സ്ഥാപനങ്ങൾ അവർക്ക് അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റ് നൽകിയ സാധുവായ ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
ഇതിൽ വീഴ്ച വരുത്തുന്നവർക്ക് മൂവായിരം മുതൽ പതിനായിരം ദിർഹം വരെ പിഴയിനത്തിൽ ചുമത്തപ്പെടാവുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ വാണിജ്യ സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് നയിക്കപ്പെടാമെന്നും ADDED വ്യക്തമാക്കിയിട്ടുണ്ട്.
WAM