എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രികർക്കും 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഓർമ്മപ്പെടുത്തി. ക്വാറന്റീൻ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കാനും ADPHC ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അബുദാബിയിലേക്ക് മടങ്ങിയെത്തുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള കൊറോണ വൈറസ് പരിശോധന, ക്വാറന്റീൻ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ സെപ്റ്റംബർ 17, വ്യാഴാഴ്ച്ച അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ADPHC സെപ്റ്റംബർ 21-നു പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.
അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രികർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. അബുദാബിയിലേക്ക് പ്രവേശിക്കുന്ന ഓരോ യാത്രികർക്കും ക്വാറന്റീനിൽ തുടരേണ്ട ഇടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതർ വിലയിരുത്തലുകൾക്ക് ശേഷം നിർദ്ദേശം നൽകുന്നതാണ്. ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 50000 ദിർഹം വരെ പിഴ ചുമത്താവുന്നതാണ്.
യു എ ഇയിലെ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ https://u.ae/en/information-and-services/justice-safety-and-the-law/handling-the-covid-19-outbreak/quarantining-to-fight-covid-19 എന്ന വിലാസത്തിൽ ലഭിക്കുന്നതാണ്. ഇത്തരത്തിൽ ക്വാറന്റീനിൽ തുടരുന്നവർക്കുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ https://www.ncema.gov.ae/content/covid/hagr-en.pdf എന്ന വിലാസത്തിൽ ലഭ്യമാണ്.