എയർ അറേബ്യ അബുദാബി, ഈജിപ്തിലേക്കുള്ള രണ്ട് സർവീസുകളോടെ, ജൂലൈ 14 മുതൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നു. അബുദാബിയിൽ നിന്ന് ഈജിപ്തിലെ അലക്സാൻഡ്രിയ, സൊഹാഗ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 14-നുള്ള ഉദ്‌ഘാടന സർവീസ്, അബുദാബിയിൽ നിന്ന് അലക്സാൻഡ്രിയയിലേക്കാണ്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഈ പുതിയ സംരംഭം, പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ രണ്ട് എയർബസ് A320 വിമാനങ്ങൾ ഉപയോഗിക്കുന്നതാണ്. യാത്രികർക്ക് ചെലവ് കുറഞ്ഞ യാത്രാ സംവിധാനങ്ങൾ നല്കുന്നതിനായാണ് ബജറ്റ് എയർലൈൻ എന്ന രീതിയിൽ എയർ അറേബ്യ അബുദാബി എന്ന സംരംഭം ഇത്തിഹാദ്, എയർ അറേബ്യ എന്നിവർ ചേർന്ന് ആരംഭിച്ചിട്ടുള്ളത്.
വാണിജ്യപരമായ യാത്രകൾക്കും, വിനോദസഞ്ചാര യാത്രകൾക്കുമുള്ള ആഗോള തലത്തിലെ അബുദാബിയുടെ പ്രാധാന്യം കണക്കിലെടുത്ത്, ലോകത്തിന്റെ വിവിധ ഇടങ്ങളുമായി ഈ തലസ്ഥാന നഗരിയെ നേരിട്ട് ബന്ധിപ്പിക്കുന്നതിനാണ് ഈ വ്യോമയാനസംരംഭം ലക്ഷ്യമിടുന്നത്. തുടക്കത്തിൽ അലക്സാൻഡ്രിയയിലേക്ക് ആഴ്ചതോറും 3 സർവീസുകളും, സൊഹാഗിലേക്ക് ആഴ്ചതോറും ഒരു സർവീസുമാണ് ഉണ്ടായിരിക്കുക. എമിറേറ്റിൽ നിന്നും പ്രവർത്തിക്കുന്ന ആദ്യത്തെ ബജറ്റ് എയർലൈനായിരിക്കും എയർ അറേബ്യ അബുദാബി