ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് മസ്‌കറ്റിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കി. ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിലാണ് ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാനസർവീസുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.
ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തിനകത്തേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നൽകിയിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പ് ആവർത്തിച്ചത്.
- ഒമാൻ പൗരന്മാർ, സാധുതയുള്ള ഒമാൻ റെസിഡൻസി വിസയുള്ള ഇന്ത്യൻ പൗരന്മാർ എന്നിവർക്കാണ് യാത്രാനുമതി.
- ഒമാൻ പൗരന്മാരല്ലാത്ത യാത്രികർക്ക് ചുരുങ്ങിയത് ഒരു മാസമെങ്കിലും സാധുതയുള്ള, COVID-19 പരിരക്ഷയുള്ള, അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
- യാത്രികരുടെ പാസ്സ്‌പോർട്ടിന് ചുരുങ്ങിയത് 6 മാസത്തെ സാധുത ഉണ്ടായിരിക്കണം.
- യാത്രികർ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഫോണുകളിൽ ‘Tarssud+’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഒമാനിലെത്തിയ ശേഷം ഈ ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
- 15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഒഴികെ മുഴുവൻ യാത്രികർക്കും PCR ടെസ്റ്റിംഗ് നിർബന്ധമാണ്. വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന ഈ ടെസ്റ്റിനായി യാത്രികർ 25 റിയാൽ നൽകേണ്ടതാണ്.