യു എ ഇ: അൽ ഐൻ പുസ്തകമേള നവംബർ 18 മുതൽ ആരംഭിക്കും

featured GCC News

അൽ ഐൻ പുസ്തകമേളയുടെ പതിനഞ്ചാമത് പതിപ്പ് 2024 നവംബർ 18-ന് ആരംഭിക്കും. ഈ വർഷത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന പ്രസാധകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഒരാഴ്ച മുൻപ് ആരംഭിച്ചിട്ടുണ്ട്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ 2024 നവംബർ 18 മുതൽ നവംബർ 24 വരെയാണ് സംഘടിപ്പിക്കുന്നത്.

അബുദാബി അറബിക് ലാംഗ്വേജ് സെന്റർ നടത്തുന്ന ഈ പുസ്തകമേള അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ അൽ ഐൻ പുസ്തകമേളയിലെ പവലിയനുകളുടെ ബുക്കിംഗ് ഒരാഴ്ചയ്ക്കകം 75 ശതമാനം കടന്നതായി സംഘടകർ അറിയിച്ചിട്ടുണ്ട്. ഈ ബുക്കിംഗ് നടപടികൾ സെപ്റ്റംബർ 19-ന് അവസാനിക്കും.

150 പ്രദർശകർ പങ്കെടുത്ത കഴിഞ്ഞ വർഷത്തെ അൽ ഐൻ പുസ്തകോത്സവം 95000 സന്ദർശകരെ ആകർഷിച്ചിരുന്നു. 500-ലധികം ശിൽപശാലകളും കുട്ടികൾക്കും യുവാക്കൾക്കുമായി വിദ്യാഭ്യാസ ഷോകളും, വിനോദ പരിപാടികളും ഉൾപ്പെടെ 400 പ്രവർത്തനങ്ങളും കഴിഞ്ഞ വർഷത്തെ പുസ്തകമേളയിൽ സംഘടിപ്പിച്ചിരുന്നു.