അൽ ഐനിലെ തവാം ഹോസ്പിറ്റലിലെ എല്ലാ COVID-19 രോഗബാധിതരും സുഖം പ്രാപിച്ചു

UAE

കൊറോണാ വൈറസ് ബാധയെത്തുടർന്ന് അൽ ഐനിലെ തവാം ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന എല്ലാ രോഗബാധിതരും സുഖം പ്രാപിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. നിലവിൽ തവാം ഹോസ്പിറ്റലിൽ COVID-19 കേസുകൾ ഒന്നും ഇല്ലെന്നും, ആശുപത്രിയിലെ സേവനങ്ങൾ സാധാരണ നിലയിൽ എല്ലാ രോഗികൾക്കും ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ആരോഗ്യപരിചരണ രംഗത്തെ എല്ലാവരുടെയും സ്ഥിരതയോടെയുള്ള പ്രയത്‌നങ്ങളും, നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായുള്ള തീവ്രമായ ടെസ്റ്റിംഗ് നടപടികളും ഈ നേട്ടം കൈവരിക്കുന്നതിന് വളരെയധികം സഹായിച്ചതായി DoH അറിയിച്ചു. വ്യാപകമായി നടപ്പിലാക്കിയ പരിശോധനകൾ, രോഗം പടരുന്നത് തടയുന്നതിലും, ചികിത്സകൾ ആവശ്യമായിവരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്താനും, ഏറെ പ്രയോജനം ചെയ്തതായും അധികൃതർ കൂട്ടിച്ചേർത്തു.

അൽ ഐനിലെ തവാം ഹോസ്പിറ്റലിനു പുറമെ അഡ്‌നെക് ഫീൽഡ് ഹോസ്പിറ്റൽ, മുബദല ഹെൽത്ത് കെയർ, മെഡ്ക്ലിനിക് ആശുപത്രികൾ, ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റി എന്നിവിടങ്ങളിലും നിലവിൽ കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവർ ഇല്ലായെന്ന് DoH അറിയിച്ചിരുന്നു. രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന ഉയർന്ന രോഗം ഭേദമാകുന്ന നിരക്കുകളും, രോഗം പകരുന്നതിൽ വന്നിട്ടുള്ള വളരെ കുറഞ്ഞ നിരക്കുകളുമാണ് ഇതിനു കാരണമെന്നും DoH വ്യക്തമാക്കി.

രോഗവ്യാപനത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ജാഗ്രത തുടരാൻ DoH പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. മാസ്കുകൾ ധരിക്കുക, കൈകൾ ശുചിയാക്കുക, സമൂഹ അകലം പാലിക്കുക എന്നീ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാനും DoH ജനങ്ങളോട് ആവശ്യപ്പെട്ടു.