ഷാർജ: അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെ മികച്ച പങ്കാളിത്തം

featured UAE

ജൂലൈ 22, വ്യാഴാഴ്ച്ച മുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിച്ച അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെയും, ഈന്തപ്പന തോട്ടങ്ങളുടെ ഉടമകളുടെയും മികച്ച രീതിയിലുള്ള പങ്കാളിത്തം രേഖപ്പെടുത്തി. മേളയുടെ ആദ്യ രണ്ട് ദിനങ്ങളിൽ നോർത്തേൺ എമിറേറ്റ്സിൽ നിന്നും, ദുബായ്, അബുദാബി എന്നീ മേഖലകളിൽ നിന്നുമുള്ള നിരവധി ഈന്തപ്പന തോട്ടങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു.

ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ മേള ജൂലൈ 22 മുതൽ നാല് ദിവസം നീണ്ട് നിൽക്കും. ദിനവും രാവിലെ 8 മുതൽ രാത്രി 10 മണിവരെ മേളയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതാണ്. “പഴമയുടെ പ്രാമാണ്യം, വർത്തമാനകാലത്തിന്റെ പ്രതാപം” എന്ന ആശയം ഉൾക്കൊണ്ടാണ് ഇത്തവണ അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.

വിവിധ ഇനം ഈന്തപ്പഴങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാത്രമായി മേളയിൽ 23 സ്റ്റാൻഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ മേളയിൽ ആദ്യമായി പ്രാദേശിക മാമ്പഴ ഇനങ്ങളുടെയും, ചുവപ്പ്, മഞ്ഞ വകഭേദങ്ങളിൽ പെടുന്ന അത്തിപ്പഴങ്ങളുടെയും പ്രദർശന മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങളിൽ നിന്നുമുള്ള 2021 വിളവെടുപ്പ് കാലയളവിലെ വിളവ് പ്രദർശിപ്പിക്കുന്നതിനായി മേളയിൽ പ്രത്യേക പവലിയൻ തയ്യാറാക്കിയിട്ടുണ്ട്.

ഈ വർഷത്തെ മേളയുടെ ഭാഗമായി നിരവധി പരിപാടികളും, മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ മേളയുടെ ഭാഗമായി ആകെ ഏതാണ്ട് ഒന്നര ദശലക്ഷം ദിർഹത്തിന്റെ സമ്മാനത്തുകകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

WAM