അൽ ജാഹിലി കോട്ട: അൽ ഐനിലെ പ്രധാന പൈതൃക കാഴ്ചകളിലൊന്ന്

KaazhchaaPadham Travel Diaries

അൽ ഐനിലെ ചിരപുരാതന ചരിത്ര സ്മാരകങ്ങളിലൊന്നായ അൽ ജാഹിലി കോട്ട നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്. 1898-ൽ, സയ്ദ് ഒന്നാമൻ എന്നറിയപ്പെട്ടിരുന്ന ഷെയ്ഖ് സയ്ദ് ബിൻ ഖലീഫ അൽ നഹ്യാന്റെ ഭരണകാലത്താണ് അൽ ജാഹിലി കോട്ട പണികഴിപ്പിച്ചത്.

ഈ ചരിത്ര സ്മാരകം സന്ദർശിക്കുന്നതിനും, ഇവിടുത്തെ പൈതൃക കാഴ്ച്ചകൾ ആസ്വദിക്കുന്നതിനും ഇപ്പോൾ സന്ദർശകർക്ക് അനുവാദം നൽകിയിട്ടുണ്ട്. യു എ ഇയിലെ, അബുദാബിയിൽ അൽ ഐൻ നഗരത്തിലാണ് സാംസ്‌കാരികമായി പ്രാധാന്യം അർഹിക്കുന്ന ഈ കോട്ട സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്ക് ദിനവും രാവിലെ 10 മുതൽ വൈകീട്ട് 6 വരെ അൽ ജാഹിലി കോട്ടയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 6 വരെ സന്ദർശകരെ അനുവദിക്കുന്നതാണ്. ഷെയ്ഖ് സയ്ദ് പാലസ് മ്യൂസിയം ഇതിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അബുദാബി എമിറേറ്റിന്റെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സയ്ദ് ബിൻ ഖലീഫയുടെ ഉത്തരവ് പ്രകാരം 1891-ലാണ് ഈ കോട്ടയുടെ നിർമ്മാണം ആരംഭിച്ചത്. ബാനി യാസ് ഗോത്രത്തിന്റെ നേതാവും, അൽ ഫലാഹ് കുടുംബത്തിന്റെ തലവനുമായിരുന്നു സയ്ദ് ഒന്നാമൻ. വേനൽക്കാലങ്ങളിൽ അബുദാബി ഭരണാധികാരികൾ അൽ ഐനിൽ താമസിക്കുക പതിവായിരുന്നു. മികച്ച കാലാവസ്ഥ, അന്തരീക്ഷത്തിലെ കുറഞ്ഞ ആർദ്രത, ഫലഭൂയിഷ്‌ഠമായ മണ്ണ്, ശുദ്ധജലലഭ്യത തുടങ്ങിയ ഘടകങ്ങൾ അൽ ഐനിലേക്ക് അവരെ ആകർഷിച്ചിരുന്നു.

അൽ ഐനിൽ കൃഷിയിടങ്ങൾ ഉണ്ടായിരുന്ന സയ്ദ് ഒന്നാമൻ ആ മേഖലയിൽ അധിവസിച്ചിരുന്ന ഗോത്രങ്ങളെ നിയന്ത്രിക്കുന്നതിനും, അൽ ജാഹിലി മരുപ്പച്ച പ്രദേശത്തുണ്ടായിരുന്ന ഈന്തപ്പന കർഷകരെ സംരക്ഷിക്കുന്നതിനുമായാണ് മരുപ്പച്ചയ്ക്ക് ചുറ്റുമായി കോട്ട പണിയാൻ ഉത്തരവിട്ടത്. 1898-ൽ നിർമ്മാണം പൂർത്തിയായ കോട്,ട സയ്ദ് ഒന്നാമൻ തന്റെ വേനൽക്കാല വസതിയായും ഉപയോഗിച്ചിരുന്നു.

ഇടുങ്ങിയ പടവുകളോടെ വട്ടത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു നിരീക്ഷണ ഗോപുരം, ചതുരാകൃതിയിൽ പണിതീർത്തിട്ടുള്ള ഉയർന്ന മതിലുകളോട് കൂടിയ കോട്ട എന്നിവയാണ് അൽ ജാഹിലി കോട്ടയുടെ തുടക്കത്തിൽ പണികഴിപ്പിച്ചിരുന്നത്. ഇതിലെ നിരീക്ഷണ ഗോപുരം അൽ ഐൻ മരുപ്പച്ചയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്ന പ്രധാന പ്രതിരോധസ്ഥാനങ്ങളിലൊന്നായിരുന്നു.

സയ്ദ് ഒന്നാമന്റെ കാലശേഷം ഈ കോട്ടയിൽ ഏതാനം പതിറ്റാണ്ടുകൾ അദ്ദേഹത്തിന്റെ പിൻഗാമികൾ താമസിച്ചിരുന്നു. തുടർന്ന് ഏതാണ്ട് 1950-കളിൽ ബ്രിട്ടീഷുകാർ വരുന്നത് വരെ ഈ കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ പ്രാദേശിക ആസ്ഥാനം എന്ന നിലയിൽ ഈ കോട്ട ഉപയോഗിച്ചിരുന്നു. 2007-2008 വർഷങ്ങളിൽ അൽ ജാഹിലി കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും കോട്ടയെ ഒരു ചരിത്ര സ്മാരകമാക്കി മാറ്റുകയും ചെയ്തു.

ഒരു അന്വേഷണ കേന്ദ്രം, ബ്രിട്ടീഷ് സഞ്ചാരിയായിരുന്ന സർ വിൽഫ്രഡ് തെസിഗറുടെ ഓർമ്മകൾ നിലനിർത്തുന്ന ഒരു സ്ഥിരം പ്രദർശനം എന്നിവ ഇന്ന് കോട്ടയിലെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ റൂബ് അൽ-ഖാലി (റുബഉൽ ഖാലി) രണ്ട് തവണ മുറിച്ച് കടന്ന തെസിഗർ, തന്റെ യാത്രകൾക്കിടയിൽ പകർത്തിയ ദൃശ്യങ്ങളുടെ പ്രദർശനം സഞ്ചാരികളെ ആകർഷിക്കുന്നു. സ്നേഹപ്പൂർവ്വം ‘മുബാറക്ക് ബിൻ ലണ്ടൻ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സർ വിൽഫ്രഡ് തെസിഗറെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററി സന്ദർശകർക്കായി ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.

അൽ ജാഹിലി കോട്ടയുടെ പ്രധാന കവാടത്തിൽ ഇപ്രകാരം മുദ്രണം ചെയ്തിരിക്കുന്നു:

യശസ്സിന്റെ അധ്യായങ്ങളിൽ സദ്ഗുണങ്ങളുടെ വാതായനം തുറക്കുന്നു,
ഇവിടെ പ്രതാപത്തോടൊപ്പം ഉല്ലാസവും, സന്തോഷവും നിവസിക്കുന്നു,
മഹിമയുടെ ധന്യവാദം മുഴങ്ങുന്നു, “ഈ ഭവനത്തെ അടയാളപ്പെടുത്തു,
സയ്ദ് ബിൻ ഖലീഫ പണിതീർത്ത ഉൽകൃഷ്ടമായ ആലയമെന്ന്.”