ഒമാൻ: അൽ മാഹാ സ്ട്രീറ്റിൽ നവംബർ 18 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Oman

അറ്റകുറ്റപ്പണികൾക്കായി അൽ മാഹാ സ്ട്രീറ്റ് 2021 നവംബർ 18 വരെ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. 2021 നവംബർ 11 മുതൽ നവംബർ 18 വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മസ്കറ്റ് ഗവർണറേറ്റിലെ റോഡുകളിലെ അറ്റകുറ്റപണികൾ തീർക്കുന്നതിനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കുമായി ചേർന്ന് അൽ മാഹാ സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നതെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. സൈദ് ബിൻ തൈമൂർ പള്ളിയ്ക്കരികിലായി അൽ ഖുവൈറിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ ഭാഗത്തെ റോഡിന്റെ കേടുവന്ന ഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിനായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ മുൻസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.