ഷാർജയിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ജൂലൈ 19, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി എല്ലാ സർക്കാർ ജീവനക്കാരോടും ജൂലൈ 19 മുതൽ ഓഫീസുകളിൽ തിരികെ പ്രവേശിക്കാൻ ഷാർജ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് (SDHR) അറിയിപ്പ് നൽകിയിട്ടുണ്ട്. എമിറേറ്റിലെ സർക്കാർ മേഖലയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി, ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.
100 ശതമാനം ജീവനക്കാരും ഓഫീസിലെത്തുന്നതിനുള്ള തീരുമാനം, എല്ലാ സർക്കാർ വകുപ്പുകളിലും ബാധകമാണെന്ന്, ഇത് സംബന്ധിച്ച് SDHR പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. എല്ലാ വകുപ്പുകളോടും ജൂലൈ 19 മുതൽ മുഴുവൻ ജീവനക്കാരെയും ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ കൈക്കൊള്ളാനും ഈ വിജ്ഞാപനം ആവശ്യപ്പെടുന്നുണ്ട്.
വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ജീവനക്കാർക്ക് മാത്രമായിരിക്കും ജൂലൈ 19 മുതൽ ഈ തീരുമാനത്തിൽ ഇളവുകൾ നൽകുക. ഇത്തരം ജീവനക്കാർ തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച്, ഔദ്യോഗിക മെഡിക്കൽ കമ്മിറ്റി അംഗീകരിച്ച വിശദമായ റിപ്പോർട്ട് നൽകേണ്ടതാണ്.
എമിറേറ്റിലെ പൊതുജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും, SDHR ചെയർമാനുമായ ഡോ. താരിഖ് സുൽത്താൻ ബിൻ ഖദീം അറിയിച്ചു. ഇതിനായി എല്ലാ മേഖലകളിലും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുഴുവൻ ജീവനക്കാരെയും ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ നടപ്പിലാക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.