ഒമാൻ: നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ പ്രദർശനം ആരംഭിച്ചു

featured Oman

ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു. 2024 മെയ് 30-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിലെ ഹൗസ് ഓഫ് ഇസ്ലാമിക് ആന്റിക്വിറ്റീസുമായി ചേർന്നാണ് നാഷണൽ മ്യൂസിയം ഈ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ‘ഓർണമെന്റ്: ദി സ്‌പെളൻഡർ ഓഫ് ദി സുൽത്താൻസ് ഓഫ് ഇന്ത്യ’ എന്ന പേരിലുള്ള ഈ പ്രദർശനം ഇന്ത്യൻ ഇസ്ലാമിക് നാഗരികതകളുടെ സമ്പത്ത്, സൗന്ദര്യബോധം എന്നിവ എടുത്ത് കാട്ടുന്നു.

Source: Oman News Agency.

ഒമാൻ നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ H.E. ജമാൽ ബിൻ ഹസ്സൻ അൽ മൗസാവിയാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്.

Source: Oman News Agency.

കുവൈറ്റിലെ അന്തരിച്ച ഷെയ്ഖ് നാസ്സർ സബാഹ് അൽ അഹ്മദ് അൽ സബാഹ്, ഷെയ്‌ഖ ഹെസ്സ സബാഹ് അൽ സലേം അൽ സബാഹ് എന്നിവരുടെ ശേഖരത്തിൽ നിന്നുള്ള 130-ൽ പരം വിലമതിക്കാനാകാത്ത കലാശില്പങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കൊത്തുപണികളുള്ള രത്നകല്ലുകൾ, ആഭരണങ്ങൾ, അതിഗംഭീരമായ കൊത്തുപണികളും, ചിത്രപ്പണികളുമുള്ള ആയുധങ്ങൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ നിന്ന് നേരിട്ട് കാണാവുന്നതാണ്.

Source: Oman News Agency.

എ ഡി 1449 കാലഘട്ടത്തിലെ തിമുറീഡ് ഭരണാധികാരി ഉലുഗ് ബെഗിന്റെ നാമം ആലേഖനം ചെയ്ത ഒരു രത്നകല്ല്, എ ഡി 1637-1638 കാലഘട്ടത്തിൽ നിന്നുള്ള ഷാജഹാൻ ചക്രവർത്തിയുടെ പച്ചക്കല്ലിൽ തീർത്ത ഒരു പതക്കം, എ ഡി 1651-1652 കാലഘട്ടത്തിൽ നിന്നുള്ള അമ്പെയ്ത്തുകാർ ഉപയോഗിക്കുന്ന ഒരു മോതിരം തുടങ്ങിയവ ഈ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്.

Source: Oman News Agency.

ഇതിന് പുറമെ വിലമതിക്കാനാകാത്ത രത്നകല്ലുകൾ കൊണ്ട് അലങ്കരിച്ചിട്ടുള്ള നിരവധി കഠാരകൾ, കത്തികൾ, വാളുകൾ തുടങ്ങിയവയും ഈ പ്രദർശനത്തിലുണ്ട്.

ഇന്ത്യൻ ഇസ്ലാമിക് ശില്പവൈദഗ്ദ്ധ്യത്തിന്റെ ഗാംഭീര്യതയിലേക്ക് വെളിച്ചം വീശുന്നവയാണിവ. ഈ പ്രദർശനം 2024 സെപ്റ്റംബർ 12 വരെ തുടരുന്നതാണ്.