ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയുടെ സാന്നിധ്യം ദോഫർ ഗവർണറേറ്റിലെ നജദ് മേഖലയിൽ കണ്ടെത്തിയതായി ഒമാൻ പരിസ്ഥിതി വകുപ്പ് അറിയിച്ചു. ഒമാൻ പരിസ്ഥിതി വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലാണ് ഈ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞത്.
ഓഗസ്റ്റ് 5-നാണ് ഒമാൻ പരിസ്ഥിതി വകുപ്പ് ഇക്കാര്യം അറിയിച്ചത്. ദോഫർ ഗവർണറേറ്റിലെ മലനിരകളുടെ താഴ്വാരങ്ങളിൽ നിന്ന് പകർത്തിയ അറേബ്യൻ പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ വർഷം ഒമാൻ പരിസ്ഥിതി വകുപ്പ് പങ്ക് വെച്ചിരുന്നു. ദോഫർ ഗവർണറേറ്റിലെ വന്യജീവികളുടെ സ്വഭാവ രീതികൾ പഠിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഒരു കാമറ ട്രാപ്പിൽ നിന്നുള്ള ദൃശ്യങ്ങളാണ് അന്ന് പരിസ്ഥിതി വകുപ്പ് പങ്ക് വെച്ചത്.
ലോകത്തിലെ ഏറ്റവും ചെറിയ പുള്ളിപുലികളാണ് അറേബ്യൻ പുള്ളിപ്പുലികൾ. അറേബ്യൻ ഉപദ്വീപുകളിൽ കാണപ്പെടുന്ന ഈ പുള്ളിപ്പുലി ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു. 2006-ലെ കണക്കുകൾ പ്രകാരം ആകെ 200-ൽ താഴെ അറേബ്യൻ പുള്ളിപ്പുലികളാണ് അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നതെന്നാണ് നിഗമനം.
അറേബ്യൻ ഉപദ്വീപുകളിൽ, വലിയ മേഖലകളിലായി വേർപിരിഞ്ഞ് കിടക്കുന്ന ഇവയുടെ വംശം, അവയുടെ സ്വാഭാവിക വാസസ്ഥാനങ്ങൾക്ക് ഏൽക്കുന്ന നാശത്തിൽ നിന്നും, മനുഷ്യരുടെ ഭാഗത്ത് നിന്നുള്ള പരിധിയില്ലാത്ത വേട്ടയാടൽ മൂലം ഇരകൾ ഇല്ലാതാകുന്നത് കൊണ്ടും വലിയ ഭീഷണിയാണ് നേരിടുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ള അറേബ്യൻ പുള്ളിപ്പുലികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരുന്നതായാണ് കരുതുന്നത്.
Cover Photo: @ea_oman.