ഒമാൻ: അൽ മുദൈബിയിലെ പുരാവസ്തു പ്രദർശനം ഫെബ്രുവരി 26 മുതൽ ആരംഭിക്കും

GCC News

അൽ മുദൈബിയിൽ വെച്ച് നടക്കുന്ന പുരാവസ്തു പ്രദർശനം 2023 ഫെബ്രുവരി 26 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2023 ഫെബ്രുവരി 25-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

പ്രാദേശിക നിവാസികൾക്കും, വിദ്യാർത്ഥികൾക്കും പുരാവസ്തു അവശേഷിപ്പുകളെക്കുറിച്ചും, പൗരാണികകാലഘട്ടങ്ങളെക്കുറിച്ചും അവബോധം നൽകുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇത്തരം ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്. ജർമ്മനിയിലെ ട്യൂബിൻഗെൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പ്രദർശനം ഒരുക്കുന്നത്.

വിദേശ സർവ്വകലാശാലകളുമായി ചേർന്ന് കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നടത്തുന്ന പുരാവസ്തു സർവേകളുടെയും, ഉദ്ഖനനപ്രവർത്തനങ്ങളുടെയും ഭാഗമായാണ് ഇത്തരം ഒരു പ്രദർശനം. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ പ്രദർശനം 2023 ഫെബ്രുവരി 26 മുതൽ അഞ്ച് ദിവസം നീണ്ട് നിൽക്കും.

യൂബിൻഗെൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പുരാവസ്‌തുവിദഗ്‌ദ്ധരുടെ മേൽനോട്ടത്തിൽ ഒമാനിലെ ആർക്കിയോളോജിക്കൽ സൈറ്റുകളിൽ നിന്ന് കണ്ടെത്തിയിട്ടുള്ള വിവിധ പുരാവസ്തുക്കൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഏതാനം പുരാവസ്തുക്കൾ ബി സി മൂവായിരം കാലഘട്ടത്തോളം പഴക്കമുള്ളവയാണ്.

Cover Image: Oman MHT.