രാജ്യത്തെ സ്ഥാപനങ്ങളിൽ പരിശീലനത്തിനായെത്തുന്ന വിദേശികൾക്കായി പ്രത്യേക മൾട്ടി എൻട്രി ട്രെയിനിങ്ങ് വിസകൾ ആരംഭിക്കുന്നതായി ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു. 2022 സെപ്റ്റംബർ 3-ന് വൈകീട്ടാണ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇത്തരം വിസകൾക്ക് ആറ് മാസത്തെ സാധുതയുണ്ടായിരിക്കുമെന്നും NPRA അറിയിച്ചിട്ടുണ്ട്. ഇത്തരം വിസകളിലെത്തുന്നവർക്ക് ആറ് മാസം വരെ ബഹ്‌റൈനിൽ താമസിക്കുന്നതിന് അനുവാദമുണ്ടായിരിക്കുന്നതാണ്.
ആവശ്യമെങ്കിൽ ഇത്തരം വിസകളുടെ സാധുത ആറ് മാസത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്. https://www.evisa.gov.bh/ എന്ന വിലാസത്തിലൂടെ ഇത്തരം വിസകൾക്ക് അപേക്ഷിക്കാമെന്നും, ഇതിനായി 60 ദിനാറാണ് ഫീസായി ഈടാക്കുന്നതെന്നും NPRA വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും പരിശീലനത്തിനായും, പരിശീലകരായും ബഹ്റൈനിലേക്ക് പ്രവേശിക്കേണ്ടവരായ വിദേശികൾക്കായാണ് ഇത്തരം വിസകൾ അനുവദിക്കുന്നത്. ഇതിനായി അപേക്ഷകർ പരിശീലനം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള തങ്ങളുടെ സ്ഥാപനത്തിൽ നിന്നുള്ള ഒരു ഔദ്യോഗിക കത്ത് അപേക്ഷകളോടൊപ്പം നൽകേണ്ടതാണ്. ചുരുങ്ങിയത് ആറ് മാസത്തെ സാധുതയുള്ള പാസ്സ്പോർട്ടിന്റെ കോപ്പിയും ഇതോടൊപ്പം നൽകേണ്ടതാണ്.