രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്റൈൻ ക്യാബിനറ്റ് അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ബഹ്റൈനിൽ ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് ശതമാനം VAT നിരക്ക് 2022 ജനുവരി 1 മുതൽ പത്ത് ശതമാനത്തിലേക്ക് ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു കരട് നിയമം 2021 സെപ്റ്റംബറിൽ ബഹ്റൈൻ പാർലിമെന്റിൽ അവതരിപ്പിച്ചിരുന്നു.
2021 ഡിസംബർ 8-ന് ക്യാബിനറ്റിൽ ഈ കരട് ബില്ലിൽ നടന്ന ചർച്ചകളിൽ, രാജ്യത്തെ VAT നിരക്ക് 10 ശതമാനത്തിലേക്ക് ഉയർത്തുന്നതിന് അംഗീകാരം നൽകിയതായാണ് ഒരു പാർലിമെന്റ് അംഗത്തെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂല്യവർദ്ധിത നികുതി ഉയർത്തുന്നത് പ്രാബല്യത്തിൽ വരുന്ന തീയതിയെക്കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കൊറോണ വൈറസ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ബഹ്റൈനിലെ വാണിജ്യ മേഖലയെ പുനർജ്ജീവിപ്പിക്കുന്നതിനും, വരുമാനവർദ്ധനവ് ലക്ഷ്യമിട്ടുമാണ് അധികൃതർ VAT നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള കരട് ബിൽ സെപ്റ്റംബറിൽ അവതരിപ്പിച്ചത്.