എല്ലാ തരം സന്ദർശക വിസകളുടെയും കാലാവധി 3 മാസം കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ബഹ്റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA) അറിയിച്ചു. ഈ തീരുമാന പ്രകാരം ഒക്ടോബർ 21, 2020 മുതൽ ജനുവരി 21, 2021 വരെയുള്ള കാലയളവിലേക്കാണ് സന്ദർശക വിസകളുടെ കാലാവധി തീർത്തും സൗജന്യമായി നീട്ടി നൽകുന്നത്. ഒക്ടോബർ 17, ശനിയാഴ്ച്ചയാണ് NPRA ഇക്കാര്യം അറിയിച്ചത്.
സന്ദർശക വിസകൾ മൂന്നു മാസത്തേക്ക് കൂടി (ഒക്ടോബർ 21, 2020 മുതൽ ജനുവരി 21, 2021) നീട്ടുന്നതിനുള്ള നടപടികൾ അധികൃതർ സ്വയമേവ സ്വീകരിക്കുന്നതാണ്. ഇതിനായി സന്ദർശകർ ഇ-വിസ സംവിധാനത്തിലൂടെ പ്രത്യേകം അപേക്ഷകൾ നൽകേണ്ടതില്ലെന്ന് NPRA വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് സാഹചര്യത്തിൽ യാത്രകൾ തടസപ്പെട്ടവർക്ക് സഹായം നൽകുന്നതിന്റെ ഭാഗമായാണ് NPRA ഈ തീരുമാനം എടുത്തിട്ടുള്ളത്. സന്ദർശക വിസകൾ നീട്ടി നൽകുന്നതിലൂടെ നിലവിലെ സാഹചര്യത്തിൽ ബഹ്റൈനിൽ നിന്ന് മടങ്ങാനാകാതെ രാജ്യത്ത് തുടരേണ്ടി വന്നവർക്ക്, നിയമ തടസ്സങ്ങൾ കൂടാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരികെ മടങ്ങുന്നതിനോ, ബഹ്റൈനിലെ തങ്ങളുടെ റെസിഡൻസി വിസ നടപടികൾ പൂർത്തിയാക്കുന്നതിനോ അവസരം ലഭിക്കുന്നതാണ്.
നേരത്തെ സമാനമായ ഒരു തീരുമാനത്തിലൂടെ, ജൂലൈ 21, 2020 മുതൽ ഒക്ടോബർ 21, 2020 വരെയുള്ള കാലയളവിലേക്ക്, NPRA സന്ദർശക വിസകളുടെ കാലാവധി നീട്ടി നൽകിയിരുന്നു.