ബഹ്‌റൈൻ: ഐഡി കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായി കിയോസ്ക് സംവിധാനം ആരംഭിച്ചു

featured GCC News

ഐഡി കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായും, ഐഡി കാർഡിലെ വിവരങ്ങൾ കാണുന്നതിനായും ഉപയോഗിക്കാവുന്ന കിയോസ്ക് ഇ-സംവിധാനം ആരംഭിച്ചതായി ബഹ്‌റൈൻ ഇൻഫോർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി (iGABahrain) അറിയിച്ചു. ഈ സംവിധാനത്തിലൂടെ ഐഡി കാർഡിലെ വിലാസം, തൊഴിൽ മുതലായ വിവരങ്ങൾ പുതുക്കാവുന്നതാണ്.

https://twitter.com/iGABahrain/status/1387741985424003076

കാർഡ് വിവരങ്ങൾ പുതുക്കുന്നതിന് പുറമെ, ‘NotifyMe’ എന്ന ഗവണ്മെന്റ് നോട്ടിഫിക്കേഷൻസ് സേവനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും ഈ കിയോസ്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ കിയോസ്കുകളിലുള്ള കാർഡ് റീഡറിൽ ഐഡി കാർഡ് പ്രവേശിപ്പിച്ച് കൊണ്ട് കാർഡിലെ ചിപ്പിൽ അടങ്ങിയ വിവരങ്ങൾ പുതുക്കി നേടാവുന്നതാണ്. ഐഡി കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായുള്ള ഫീ ഈ കിയോസ്ക് സംവിധാനത്തിലൂടെ തന്നെ നൽകാവുന്നതാണ്.

ഈ സംവിധാനത്തിലൂടെ ഐഡി കാർഡിലെ താഴെ പറയുന്ന വിവരങ്ങളാണ് പുതുക്കാൻ സാധിക്കുന്നത്:

  • വിലാസം
  • തൊഴിൽ വിവരങ്ങൾ
  • പാസ്സ്‌പോർട്ട് വിവരങ്ങൾ
  • സ്പോൺസറുടെ വിവരങ്ങൾ/ റെസിഡൻസി സംബന്ധിച്ച വിവരങ്ങൾ

ഈ കിയോസ്ക്കുകൾ താഴെ പറയുന്ന ഇടങ്ങളിലെ ഐഡന്റിറ്റി കാർഡ് കേന്ദ്രങ്ങളിൽ നിലവിൽ ലഭ്യമാണ്:

  • ഇസ ടൌൺ
  • സീഫ് മാൾ, മുഹറഖ്
  • മിന സൽമാൻ പോർട്ട്

ഇത്തരം കേന്ദ്രങ്ങളിൽ നിലവിലുള്ള ഇ-ഗവണ്മെന്റ് കിയോസ്കുകൾക്ക് പുറമെയാണ് ഈ പുതിയ സംവിധാനമെന്നും അധികൃതർ കൂട്ടിച്ചേർത്തു.