ബഹ്‌റൈൻ: മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കുമെന്ന് സൂചന

Bahrain

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നതായി ബഹ്‌റൈൻ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ബഹ്‌റൈനിലെ വാണിജ്യ മേഖല പതിയെ ഉയർച്ച രേഖപ്പെടുത്താനാരംഭിച്ച സാഹചര്യത്തിലാണ് വരുമാനവർദ്ധനവ് ലക്ഷ്യമിട്ട് അധികൃതർ VAT നിരക്ക് ഇരട്ടിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

നിലവിൽ ബഹ്‌റൈനിൽ ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് ശതമാനം VAT നിരക്ക് പത്ത് ശതമാനത്തിലേക്ക് ഉയർത്തുന്നതിനെക്കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്. ഇതോടൊപ്പം രാജ്യത്തെ സാമ്പത്തിക സ്ഥിതി ശക്തമാക്കുന്നതിനായി പൗരന്മാർക്ക് നൽകിവരുന്ന സാമൂഹികക്ഷേമ തുകകൾ, ശമ്പളം എന്നിവ കുറയ്ക്കുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.