ബഹ്‌റൈൻ: സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെത്തുന്ന സന്ദർശകർക്ക് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാക്കി

GCC News

രോഗികളെ സന്ദർശിക്കുന്നതിനായി സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെത്തുന്നവർക്ക് (SMC) ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. SMC-യിലെ രോഗികളുടെയും, സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഏപ്രിൽ 16-ന് രാത്രിയാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. SMC-യിലെത്തുന്ന സന്ദർശകർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.

  • SMC-യിലെത്തുന്ന സന്ദർശകർ നിർബന്ധമായും COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയവരായിരിക്കണം.
  • ഇവർ രണ്ട് ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതിന്റെ രേഖകൾ ഹാജരാക്കേണ്ടതാണ്. രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് രണ്ടാഴ്ച്ച പിന്നിട്ടവർക്ക് മാത്രമാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത്.
  • COVID-19 രോഗബാധിതരായ ശേഷം പൂർണ്ണമായും രോഗമുക്തി നേടിയവർക്ക് ഇത് സംബന്ധമായ രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രവേശനാനുമതി നൽകുന്നതാണ്.
  • സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്ന സമയക്രമം പാലിച്ച് കൊണ്ട് മാത്രമാണ് SMC-യിലേക്ക് പ്രവേശിക്കാനാകുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് 5 മുതൽ 7 വരെ മാത്രമാണ് ഇത്തരം സന്ദർശനങ്ങൾ അനുവദിക്കുന്നത്.
  • ഒരു രോഗിയെ സന്ദർശിക്കുന്നതിന് മുകളിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ പാലിച്ച് കൊണ്ട് പരമാവധി രണ്ട് സന്ദർശകർക്ക് മാത്രമാണ് അനുമതി നൽകുന്നത്.
  • വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് ഒരു കാരണവശാലും സന്ദർശനാനുമതി നൽകുന്നതല്ല.