ഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ പാർലിമെന്റ് സർക്കാരിനോട് അഭ്യർത്ഥിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പാർലിമെന്റ് അംഗങ്ങൾ ബഹ്‌റൈൻ സർക്കാരിന് മുന്നിൽ ഇക്കാര്യം ശുപാർശ ചെയ്തത്.
ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ വിമാനസർവീസുകൾക്കും വിലക്കേർപ്പെടുത്താൻ നിർദ്ദേശിച്ച് കൊണ്ടുള്ള ഒരു അടിയന്തിര ശുപാർശ ബഹ്‌റൈൻ കൗൺസിൽ ഓഫ് റെപ്രെസെന്ററ്റീവ്സ് സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന ബഹ്‌റൈൻ പൗരന്മാർ ഒഴികെ മുഴുവൻ യാത്രികർക്കും, ട്രാൻസിറ്റ് യാത്രികർക്കുൾപ്പടെ, ഈ വിലക്ക് ബാധകമാക്കാനാണ് ഈ ശുപാർശയിൽ നിർദ്ദേശിച്ചിട്ടുള്ളത്.
ഇന്ത്യയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും, ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നത് ബഹ്‌റൈനിലെ രോഗവ്യാപനം രൂക്ഷമാക്കാൻ ഇടയാക്കുമെന്നതിനാലാണ് ഇത്തരം ഒരു വിലക്ക് ആവശ്യപ്പെടുന്നതെന്നാണ് ബഹ്‌റൈൻ പാർലിമെന്റ് അംഗങ്ങൾ വ്യക്തമാക്കുന്നത്. 2021 ഏപ്രിൽ 27 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളിൽ ബഹ്‌റൈൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഈ തീരുമാന പ്രകാരം ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.