ബഹ്‌റൈൻ: ഏപ്രിൽ 4 മുതൽ NPRA-യുടെ ഇസ ടൗൺ, മുഹറഖ് ബ്രാഞ്ചുകളുടെ പ്രവർത്തന സമയം നീട്ടാൻ തീരുമാനം

featured GCC News

2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ ഇസ ടൗൺ, മുഹറഖ് എന്നിവിടങ്ങളിലുള്ള നാഷണൽ പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) കേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 4 മുതൽ വിസ ആൻഡ് റെസിഡൻസി ഡയറക്ടറേറ്റിന് കീഴിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഈ കേന്ദ്രങ്ങൾ ദിനവും രാവിലെ 8 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്നതാണ്.

ഇ-റെസിഡൻസി പെർമിറ്റിനുള്ള നടപടികൾ പൂർത്തിയാക്കിയവർക്ക് ഇതുമായി ബന്ധപ്പെട്ട സ്റ്റിക്കർ എല്ലാ NPRA കേന്ദ്രങ്ങളിൽ നിന്നും സ്വീകരിക്കാമെന്നും, ഇതിനായി മുൻ‌കൂർ അനുമതി ആവശ്യമില്ല എന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഈ സേവനത്തിനായി അപേക്ഷകൻ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഇസ ടൗൺ ബ്രാഞ്ചിലെ പാസ്സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിലുള്ള സേവനങ്ങൾ ദിനവും വൈകീട്ട് ബഹ്‌റൈനി പാസ്സ്‌പോർട്ട് സംബന്ധമായ സേവനങ്ങൾ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും NPRA കൂട്ടിച്ചേർത്തു.

NPRA-യുടെ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ഇ-വിസ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-വിസ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഓൺലൈനിലൂടെ എപ്പോൾ വേണമെങ്കിലും വിസ സേവനങ്ങൾക്കായി അപേക്ഷിക്കാവുന്നതാണ്.