രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. നിലവിലെ കൊറോണ വൈറസ് സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനം.
റെഡ് ലിസ്റ്റ് രാജ്യങ്ങളിലെ പൗരമാരും, നിലവിൽ ബഹ്റൈനിന് പുറത്തുള്ളവരുമായവർക്കാണ് ഈ തീരുമാനം ബാധകമാകുന്നത്. ജൂൺ 13-നാണ് LMRA ഇത്തരം ഒരു അറിയിപ്പ് തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചത്. ബഹ്‌റൈനിലെ നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശങ്ങളെത്തുടർന്നാണ് ഇത്തരം ഒരു തീരുമാനം.
LMRA-യുടെ ഈ തീരുമാനത്തോടെ നിലവിൽ ബഹ്റൈനിന് പുറത്തുള്ള, റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളെയാണ് നിലവിൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2021 മെയ് 24 മുതൽ ഇന്ത്യ ഉൾപ്പടെ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് പ്രവേശനാനുമതി നൽകിയിരിക്കുന്നത്.