ബഹ്‌റൈൻ: ഒക്ടോബർ 10 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുന്നു

featured GCC News

രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് അറിയിച്ചു. രാജ്യത്തെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌, ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവരുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് ഈ തീരുമാനം.

ഒക്ടോബർ 8-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം ഒക്ടോബർ 10 മുതൽ റൊമാനിയയെ റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുന്നതിനും, പതിനൊന്ന് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിനും ബഹ്‌റൈൻ സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്.

സൗത്ത് ആഫ്രിക്ക, നമീബിയ, ഉഗാണ്ട, മൊസാമ്പിക്‌, സിംബാബ്‌വെ, മലാവി, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാന്മാർ, ജോർജിയ, ഇക്കഡോർ എന്നീ രാജ്യങ്ങളെയാണ് ഒക്ടോബർ 10 മുതൽ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നത്.

2021 ഒക്ടോബർ 10 മുതൽ താഴെ പറയുന്ന രാജ്യങ്ങളെയാണ് ബഹ്‌റൈൻ റെഡ് ലിസ്റ്റ് രാജ്യങ്ങളായി കണക്കാക്കുന്നത്:

  • ശ്രീലങ്ക
  • നേപ്പാൾ
  • വിയറ്റ്നാം
  • മംഗോളിയ
  • മെക്സിക്കോ
  • ടുണീഷ്യ
  • ഇറാൻ
  • ഇറാക്ക്
  • ഫിലിപ്പീൻസ്
  • മലേഷ്യ
  • ഉക്രൈൻ
  • ബോസ്നിയ ഹെർസഗോവിന
  • സ്ലോവേനിയ
  • എത്യോപ്യ
  • കോസ്റ്റാറിക്ക
  • റൊമാനിയ

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവരോ, 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവരോ ആയ യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈനിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ഈ വിലക്കിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ബഹ്റൈനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന PCR ടെസ്റ്റ് ഒഴിവാക്കിയിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്‌സ് നേരത്തെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയെ 2021 സെപ്റ്റംബർ 3 മുതൽ ബഹ്‌റൈൻ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Cover Photo: Bahrain News Agency.