2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പിലാക്കുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ലംഘിക്കുന്നവർക്ക് 100 മുതൽ 2000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള തീരുമാനം 2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പിലാക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഷോപ്പിംഗ് ബാഗുകൾ നിരോധിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ലംഘിക്കുന്നവർക്ക് 100 മുതൽ 2000 റിയാൽ വരെ പിഴ ചുമത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും സൂചനയുണ്ട്.
ഒമാനിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും, പ്രകൃതിക്കും, ജീവജാലങ്ങൾക്കും ഒരു പോലെ ദോഷകരമായ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും ഈ തീരുമാനത്തിലൂടെ എൻവിറോണ്മെന്റ് അതോറിറ്റി ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണവും, മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം 114/ 2001-ന്റെ ഭാഗമായാണ് ഒമാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും, സുസ്ഥിര വികസന മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ തീരുമാനത്തിലൂടെ കഴിയുമെന്ന് അതോറിറ്റി വ്യക്തമാക്കി.
പൊതുജനങ്ങളോട് പരിസ്ഥിതി സൗഹൃദ ബാഗുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ഏതാനം ദിവസങ്ങൾക്ക് മുൻപ് ആഹ്വാനം ചെയ്തിരുന്നു.
തുണി, കടലാസ് മുതലായ വസ്തുക്കളാൽ നിർമ്മിച്ചിട്ടുള്ള ബാഗുകൾ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതോടൊപ്പം, വീണ്ടും വീണ്ടും ഉപയോഗിക്കാൻ സാധ്യമാകുന്നതിലൂടെ മാലിന്യത്തിന്റെ അളവും നിയന്ത്രിക്കാനാകുമെന്ന് അതോറിറ്റി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Cover Photo: @ea_oman