ഒമാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം 2021 ജനുവരി 1 മുതൽ നടപ്പിലാക്കും

GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള തീരുമാനം അടുത്ത വർഷം ആരംഭം മുതൽ രാജ്യത്ത് നടപ്പിലാക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. നവംബർ 2-നാണ് എൻവിറോണ്മെന്റ് അതോറിറ്റി, ജനങ്ങൾ ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയോ എന്ന് ട്വിറ്ററിലൂടെ ചോദിച്ചത്.

ഈ തീരുമാനം നടപ്പിലാകുന്നതോടെ 2021 ജനുവരി 1 മുതൽ ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഷോപ്പിംഗ് ബാഗുകൾ നിരോധിക്കുന്നതാണ്. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രകൃതി മലിനീകരണത്തിന് കാരണമാകുന്ന ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ഒമാൻ നിരോധനം ഏർപ്പെടുത്തുന്നത്.

വീണ്ടും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, രാജ്യത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിന് അധികൃതർ ലക്ഷ്യമിടുന്നു.