അർജന്റീനയും ഫ്രാൻസും തമ്മിൽ ഡിസംബർ 18-ന് ഏറ്റുമുട്ടുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഫൈനൽ മത്സരം തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ സൗജന്യമായി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ബീൻ സ്പോർട്സ് (beIN SPORTS) അറിയിച്ചു. 2022 ഡിസംബർ 16-നാണ് beIN SPORTS ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് ഫൈനൽ മത്സരം ഫ്രീ-റ്റു-എയർ ചാനൽ സംപ്രേക്ഷണം വഴിയും, ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും സൗജന്യമായി തത്സമയം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്നാണ് ബീൻ സ്പോർട്സ് അറിയിച്ചിരിക്കുന്നത്. ഈ സംപ്രേക്ഷണം വിവിധ ഭാഷകളിൽ ലഭ്യമാക്കുമെന്നും ബീൻ സ്പോർട്സ് അറിയിച്ചിട്ടുണ്ട്.
അറബ് ലോകത്തെ ആദ്യ ലോകകപ്പ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെയും, നോർത്ത് ആഫ്രിക്കൻ മേഖലയിലെയും പരമാവധി ഫുട്ബാൾ ആരാധകരിലേക്ക് എത്തിക്കുന്നതിനായാണ് ഈ നടപടി. ഫൈനൽ മത്സര ദിനത്തിലെ ലോകകപ്പുമായി ബന്ധപ്പെട്ട മുഴുവൻ സംപ്രേക്ഷണവും ഇത്തരത്തിൽ സൗജന്യമായി ലഭ്യമാക്കുന്നതാണ്.
ഫൈനൽ മത്സര ദിനത്തിൽ രാവിലെ 8 മണിമുതൽ beIN SPORTS ഫ്രീ-റ്റു-എയർ ചാനൽ, beIN SPORTS MAX 1 ചാനൽ, beIN SPORTS യൂട്യൂബ് ചാനൽ എന്നിവയിൽ പ്രത്യേക ലോകകപ്പ് പരിപാടികളുടെ സംപ്രേക്ഷണം ആരംഭിക്കുന്നതാണ്. beIN SPORTS യൂട്യൂബ് ചാനൽ https://www.youtube.com/@beINSPORTS/streams / https://www.youtube.com/@beINSPORTS എന്നീ വിലാസങ്ങളിൽ ലഭ്യമാണ്.