റാസ് അൽ ഖൈമയിൽ നിന്നുള്ളവർക്ക് ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനങ്ങളും, കോൺസുലാർ സേവനങ്ങളും നൽകുന്നതിനായുള്ള BLS കേന്ദ്രത്തിന്റെ പ്രവർത്തനം ഓഗസ്റ്റ് 24 മുതൽ പുനരാരംഭിക്കും. റാസ് അൽ ഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന BLS കേന്ദ്രം ഓഗസ്റ്റ് 24, തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഗസ്റ്റ് 16-നു അറിയിച്ചിരുന്നു. ഈ കേന്ദ്രത്തിൽ നിന്നുള്ള അറ്റസ്റ്റേഷൻ, സത്യവാങ്‌മൂലം മുതലായ കോൺസുലാർ സേവനങ്ങൾ ഓഗസ്റ്റ് 25, ചൊവ്വാഴ്ച്ച മുതൽ ലഭ്യമാകുന്നതാണ്.
കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് ഈ കേന്ദ്രത്തിൽ നിന്ന് സേവനങ്ങൾ നൽകുന്നത്. സേവനങ്ങൾക്കായി എത്തുന്ന സന്ദർശകരുടെ ശരീരോഷ്മാവ് രേഖപെടുത്തുന്നതാണ്. ഇത് കൂടാതെ മാസ്കുകൾ, കയ്യുറകൾ, സമൂഹ അകലം മുതലായ പ്രതിരോധ നിർദ്ദേശങ്ങളും മുഴുവൻ സമയവും ബാധകമാണ്.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെയാണ് (ശനിയാഴ്ച മുതൽ വ്യാഴാഴ്ച്ച വരെ) ഈ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകുന്നതെന്ന് നേരത്തെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിരുന്നു. റാസ് അൽ ഖൈമയിലെ സേവന കേന്ദ്രത്തിനു പുറമെ കേരള മുസ്ലിം കൾച്ചറൽ സെന്റർ, ദെയ്‌റയിലെ BLS കേന്ദ്രത്തിന്റെ പ്രവർത്തനവും ഓഗസ്റ്റ് 24 മുതൽ പുനരാരംഭിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചിരുന്നു.