അൽ ദഹിറാഹ് ഗവർണറേറ്റിൽ നിന്ന് അയ്യായിരത്തോളം വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
مكتشفات أثرية جديدة في موقع بات الأثري بمحافظة #الظاهرة.https://t.co/eggYHLI5b0#نشرة_المحافظات#العُمانية pic.twitter.com/IitpdCg8VO
— وكالة الأنباء العمانية (@OmanNewsAgency) January 29, 2025
അൽ ദഹിറാഹ് ഗവർണറേറ്റിലെ, യുനെസ്കോ പട്ടികയിലുൾപ്പെട്ടിട്ടുള്ള, ബാത്തിന് സമീപമുള്ള റഖത് അൽ മദ്‌റഹിൽ നടത്തിയ ഉദ്ഘനന പ്രവർത്തനങ്ങളിലാണ് വെങ്കലയുഗത്തിൽ നിന്നുള്ള ഈ അവശേഷിപ്പുകൾ കണ്ടെത്തിയത്. ബിസി 3200-നും ബിസി 2700-നും ഇടയിൽ പഴക്കമുള്ള കുഴിമാടങ്ങൾ, ഇതേ കാലയളവിൽ നിന്നുള്ള നാല് കെട്ടിടങ്ങളുടെ അവശേഷിപ്പുകൾ തുടങ്ങിയവ ഒരു പ്രാചീന നാഗരികതയിലേക്കാണ് വിരൽചൂണ്ടുന്നത്.
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയുമായി സംയുക്തമായി നടത്തുന്ന ഉദ്ഘനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തലുകൾ.
നവീനശിലായുഗത്തിൽ നിന്നുള്ള ഒരു അമ്പിൻമുന, ഉം അൽ നാർ കാലഘട്ടത്തിൽ നിന്നുള്ള ചുവന്ന വൈഡൂര്യത്തിൽ തീർത്ത രക്ഷാകവചം, മൺപാത്രങ്ങൾ, പ്രാചീന ഇസ്ലാമിക കാലഘട്ടത്തിൽ നിന്നുള്ള ഇരുമ്പ് ആയുധങ്ങളുടെ ശകലം, ഇൻഡസ് വാലിയിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് കരുതുന്ന ഒരു മൺപാത്രം തുടങ്ങിയവയും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Cover Image: Oman News Agency.