എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 11 മണിവരെയാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു. ഫെബ്രുവരി 23, ചൊവ്വാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
അജ്മാനിലെ ക്രൈസിസ്, ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മന്റ് വകുപ്പിന്റെ നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനമെന്ന് ഫെബ്രുവരി 23-ന് വൈകീട്ട് നൽകിയ അറിയിപ്പിൽ അജ്‌മാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലെ COVID-19 രോഗവ്യാപനം തടയുന്നതിനായാണ് ഈ തീരുമാനം.
ഫാസ്റ്റ് ഫുഡ് സേവനങ്ങൾ നൽകുന്ന കഫെറ്റീരിയകൾ, ഹോം ഡെലിവറി സേവനങ്ങൾ നൽകുന്ന റെസ്റ്ററന്റുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനങ്ങൾ കർശനമായി പാലിക്കാൻ ഭക്ഷണശാലകളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.