ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്നവർക്കുള്ള മുന്നറിയിപ്പ് ആവർത്തിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

GCC News

രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്ന പൗരന്മാർക്കും, നിവാസികൾക്കും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) മുന്നറിയിപ്പ് നൽകി. ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് CBO ജൂലൈ മാസത്തിൽ പുറത്തിറക്കിയ ഒരു അറിയിപ്പിലൂടെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഡാഗ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസി സേവനങ്ങളുടെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് ഇപ്പോൾ CBO മുന്നറിയിപ്പ് ആവർത്തിച്ചിട്ടുള്ളത്.

ക്രിപ്റ്റോകറൻസി ഇടപാടുകളിൽ വളരെയധികം സാമ്പത്തിക നഷ്ടസാധ്യതകൾ നിലനിൽക്കുന്നതായി CBO വ്യക്തമാക്കി. ഇത് കൂടാതെ ഇന്റർനെറ്റ് തട്ടിപ്പുകളിലൂടെ നിക്ഷേപകരുടെ ക്രിപ്റ്റോകറൻസി നിക്ഷേപങ്ങൾ മറ്റുള്ളവർ തട്ടിയെടുക്കാനുള്ള സാധ്യതകളെക്കുറിച്ചും CBO പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

ഒമാനിലെ നിയമങ്ങൾ പ്രകാരം ക്രിപ്റ്റോകറൻസികൾക്ക് നിയമ സാധുതയില്ല എന്ന് CBO വ്യക്തമാക്കി. ഇതിനു പുറമെ, ക്രിപ്റ്റോകറൻസികൾ പോലുള്ള ഉത്പന്നങ്ങൾ രാജ്യത്ത് വിപണനം ചെയ്യുന്നതിന് ഒരു സ്ഥാപനങ്ങൾക്കും CBO അനുമതി നൽകിയിട്ടില്ല എന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനാൽ ക്രിപ്റ്റോകറൻസികൾ കൈവശം സൂക്ഷിക്കുന്നതിനോ, ഇവ ഉപയോഗിച്ചുള്ള ഇടപാടുകൾക്കോ CBO-യ്ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ലെന്നും, ഇവയ്ക്ക് ഒമാനിലെ ബാങ്കിങ് നിയമം 114/2000 പ്രകാരമുള്ള നിയമ പരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.