സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുതിയ നാണയങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 50, 25, 10, 5 ബൈസ നാണയങ്ങളുടെ പുതിയ പതിപ്പുകളാണ് പുറത്തിറക്കുന്നത്. ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പേര് ഈ പുതിയ നാണയങ്ങളിൽ മുദ്രണം ചെയ്തിട്ടുണ്ട്.
“50, 25, 10, 5 ബൈസ നാണയങ്ങളുടെ പുതിയ പതിപ്പുകൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കി. അടുത്ത മാസം മുതൽ ഈ പുതിയ നാണയങ്ങൾ പ്രചാരത്തിൽ വരുന്നതാണ്.”, ഒമാൻ ന്യൂസ് ഏജൻസി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. ഈ പുതിയ നാലു നാണയങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക സ്‌മാരക പതിപ്പും സെൻട്രൽ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഒരു റിയാൽ വിലയിട്ടിട്ടുള്ള ഈ സ്‌മാരക പതിപ്പ് ഓഗസ്റ്റ് 19 മുതൽ ലഭ്യമാകുന്നതാണ്.
നാണയത്തിന്റെ മുൻവശത്ത് ഭരണാധികാരിയുടെ പേരും, ഒമാന്റെ ദേശീയ ചിഹ്നവുമാണ് മുദ്രണം ചെയ്തിട്ടുള്ളത്. മറുവശത്ത് മൂല്യം, വർഷം എന്നിവ അറബിയിലും, ഇംഗ്ലീഷിലും മുദ്രണം ചെയ്തിട്ടുണ്ട്.