ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; ശക്തമായ മഴയ്ക്ക് സാധ്യത

Oman

അറബിക്കടലിൽ രൂപം കൊള്ളാനിടയുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി. മസ്കറ്റ്, തെക്ക്-വടക്കൻ ശർഖിയ, ദാഖിലിയ, തെക്ക്-വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിലെല്ലാം ശക്തമായ മഴ ലഭിക്കാം.

ഓഗസ്റ്റ് 6, വ്യാഴാഴ്ച്ചയോടെ വടക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളാനിടയുള്ളതായും, ഓഗസ്റ്റ് 7 മുതൽ മുകളിൽ പറഞ്ഞിട്ടുള്ള മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് PACA അറിയിപ്പിൽ പറയുന്നത്. ഓഗസ്റ്റ് 8, ശനിയാഴ്ച്ചയോടെ മഴ ശക്തമാകുമെന്നും അറിയിപ്പിൽ പറയുന്നു.

കനത്ത മഴയും, ഇടിമിന്നലും ഉണ്ടാകുന്നതിനുള്ള സാധ്യതയുള്ളതായും, 40 മുതൽ 100 mm വരെ മഴ ലഭിക്കാമെന്നും PACA അറിയിച്ചിട്ടുണ്ട്. കാറ്റ്, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച വരെ ഈ സ്ഥിതി നിലനിൽക്കാമെന്നും PACA കൂട്ടിച്ചേർത്തു.

അറബിക്കടലിന്റെ തീരദേശമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും, കടലോരമേഖലയിലും ജാഗ്രത പാലിക്കണമെന്നും, പെട്ടന്നുള്ള വെള്ളപൊക്കം ഉണ്ടാകാനിടയുള്ള ഇടങ്ങൾ ഒഴിവാക്കാനും, കടലിൽ പോകരുതെന്നും PACA നിർദ്ദേശിച്ചിട്ടുണ്ട്.