രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 11, ഞായറാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 9-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 ഫെബ്രുവരി 11, ഞായറാഴ്ച മുതൽ 2024 ഫെബ്രുവരി 14, ബുധനാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മുസന്ദം, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, അൽ ദാഖിലിയ, അൽ ദാഹിറാഹ്, അൽ ബുറൈമി, മസ്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിലും, അൽ വുസ്ത ഗവർണറേറ്റിന്റെ ഏതാനം ഭാഗങ്ങളിലും ഈ കാലാവസ്ഥ അനുഭവപ്പെടാവുന്നതാണ്. ഈ മേഖലകളിൽ ഇടി, ശക്തമായ മഴ, ശക്തിയായ കാറ്റ് എന്നിവയ്ക്കൊപ്പം ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.
ശക്തമായ മഴ മൂലം വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, വെള്ളത്തിന്റെ പെട്ടന്നുള്ള ശക്തമായ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരി 11-ന് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും, 15 മുതൽ 35 നോട്ട് വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
ഫെബ്രുവരി 12-ഓടെ മുസന്ദം, നോർത്ത് അൽ ബതീന, അൽ ദാഹിറാഹ്, അൽ ബുറൈമി, മസ്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ തുടങ്ങിയ പ്രദേശങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ മേഖലകളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.
ഫെബ്രുവരി 13, 14 തീയതികളിൽ അൽ വുസ്ത, ദോഫാർ തുടങ്ങിയ ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ, കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ട്. ഫെബ്രുവരി 14-ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പുലർത്താനും, കടലിൽ പോകുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.