രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2023 ജനുവരി 19, വ്യാഴാഴ്ച വരെ മഴ തുടരുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 16-ന് വൈകീട്ടാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
2023 ജനുവരി 17 മുതൽ ജനുവരി 19 വരെ മഴ തുടരുമെന്നും, അന്തരീക്ഷ താപനില താഴുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ കാലയളവിൽ മുസന്ദം ഗവർണറേറ്റിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്.
തീരദേശമേഖലകളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്കും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ട്.
ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും അന്തരീക്ഷ താപനില താഴുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അൽ ദഹിരാ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Cover Image: Oman News Agency.