2024 ഒക്ടോബർ 1, ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഏതാനം ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 സെപ്റ്റംബർ 27-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2024 സെപ്റ്റംബർ 29, തിങ്കളാഴ്ച മുതൽ ഒക്ടോബർ 1, ചൊവ്വാഴ്ച വരെ ദോഫാർ, അൽ വുസ്ത മേഖലകളിലും അൽ ഹജാർ മലനിരകളുടെ പരിസരപ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
2024 സെപ്റ്റംബർ 29 മുതൽ ദോഫാർ ഗവർണറേറ്റിലെ തീരമേഖലകൾ, പർവ്വതപ്രദേശങ്ങൾ എന്നിവടങ്ങളിലും, അൽ വുസ്ത ഗവർണറേറ്റിലും, അൽ ഹജാർ മലനിരകളുടെ പരിസരപ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഞായർ, തിങ്കൾ ദിനങ്ങളിൽ 10 മുതൽ 30 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാൽ താഴ്ന്നപ്രദേശങ്ങളിൽ പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ട്.
ഈ മേഖലകളിൽ 15 മുതൽ 35 നോട്ട് വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. പൊടിക്കാറ്റ് മൂലം അന്തരീക്ഷത്തിൽ കാഴ്ച മറയുന്നതിനും സാധ്യതയുണ്ട്.
ഒക്ടോബർ 1, ചൊവ്വാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും, 5 മുതൽ 15 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ചൊവാഴ്ചയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.