ഒമാൻ: ഇന്ന് മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ വൈകീട്ട് 7-ന് ആരംഭിക്കും; വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്ക്

GCC News

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിലുള്ള മാറ്റങ്ങൾ ഇന്ന് (2021 മെയ് 8, ശനിയാഴ്ച്ച) മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതാണ്. മെയ് 8 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ദിനവും വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്നതും, പിറ്റേന്ന് പുലർച്ചെ 4 മണി വരെ നീണ്ട് നിൽക്കുന്നതുമാണ്.

ഈ കാലയളവിൽ ദിനവും വൈകീട്ട് 7 മുതൽ രാവിലെ 4 മണി വരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല. മെയ് 7 വരെ ദിനവും രാത്രി 9 മണിമുതൽ പിറ്റേന്ന് പുലർച്ചെ 4 വരെയാണ് വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മെയ് 8 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയം നീട്ടാൻ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങൾ, മരുന്നുകൾ മുതലായ അവശ്യവസ്തുക്കളുടെ വില്പനമേഖലകൾ, പ്രത്യേക അനുമതി നൽകിയിട്ടുള്ള ഏതാനം പ്രവർത്തനങ്ങൾ എന്നിവ ഒഴികെ മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കും മെയ് 8 മുതൽ ഒമാനിൽ പ്രവർത്തനവിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മെയ് 2-ന് രാത്രിയാണ് ഒമാനിലെ സുപ്രീം കമ്മിറ്റി ഈ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. റമദാനിലെ അവസാന ദിനങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

മെയ് 8 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയത്ത് (ദിനവും വൈകീട്ട് 7 മുതൽ രാവിലെ 4 മണി വരെ) യാത്രചെയ്യാൻ അനുമതി നൽകിയിട്ടുള്ള വിഭാഗങ്ങൾ:

  • ആരോഗ്യ പ്രവർത്തകർ, അടിയന്തിര ആവശ്യങ്ങൾക്കുള്ള പ്രത്യേക വാഹനങ്ങൾ, വൈദ്യുതി, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങൾ.
  • സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ.
  • രാത്രികാല ഷിഫ്റ്റിൽ തൊഴിലെടുക്കുന്ന ഫാർമസി ജീവനക്കാർ.
  • വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലെ ജീവനക്കാർ.
  • 3 ടണിലധികം ഭാരമുള്ള ട്രക്ക്, ജലവിതരണ ടാങ്കർ, മലിന ജലം വഹിക്കുന്ന ടാങ്കറുകൾ.
  • ഫാക്ടറി തൊഴിലാളികൾ. ഇവർക്ക് യാത്രാ നിയന്ത്രണ സമയങ്ങളിൽ ഫാക്ടറിക്ക് പുറത്തിറങ്ങാൻ അനുമതിയില്ല.
  • ഫാക്ടറി, വെയർഹൗസ് എന്നിവിടങ്ങളിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട തൊഴിലാളികൾ. ഇവർക്ക് യാത്രാ നിയന്ത്രണ സമയങ്ങളിൽ ഫാക്ടറിക്ക് പുറത്തിറങ്ങാൻ അനുമതിയില്ല.
  • ഇന്ധനവിതരണ ശാലകളിലെ ജീവനക്കാർ.
  • ഓയിൽ ഫീൽഡ് ജീവനക്കാർ.
  • പത്രപ്രവർത്തകർ (മിനിസ്ട്രി ഓഫ് ഇൻഫൊർമേഷനിൽ നിന്നുള്ള പെർമിറ്റ് ആവശ്യമാണ്).
  • ആരോഗ്യ പരിശോധകർ.
  • മന്ത്രാലയങ്ങൾ പ്രത്യേക അനുമതി നൽകിയിട്ടുള്ള മത്സ്യബന്ധന തൊഴിലാളികൾ, തേനീച്ച വളർത്തൽ കേന്ദ്രങ്ങളിലെ ജീവനക്കാർ.
  • റെസ്റ്ററന്റുകൾ, കഫെ, വഴിയോര ഭക്ഷണവില്പനക്കാർ എന്നിവരിൽ നിന്നുള്ള ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർ.