ജൂലൈ 25 മുതൽ 15 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഗവർണറേറ്റുകൾക്കുള്ളിൽ, വിലായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകളിൽ ചെക്ക്പോയിന്റുകൾ ഏർപെടുത്തുന്നില്ലാ എന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ഒമാനിലെ ഓരോ ഗവർണറേറ്റുകളിലിൽ നിന്നുമുള്ള എൻട്രി/ എക്സിറ്റ് കവാടങ്ങളിലായിരിക്കും ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തുന്നത്. ഗവർണറേറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകളിൽ മുഴുവൻ സമയവും യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
“ജൂലൈ 25 മുതൽ ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ രാജ്യവ്യാപകമായതിനാൽ, ഓരോ ഗവർണറേറ്റുകളിൽ നിന്നുമുള്ള എൻട്രി/ എക്സിറ്റ് കവാടങ്ങളിലായിരിക്കും ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തുന്നത്. രോഗവ്യാപനം തടയുന്നതിനായി ഓരോ ഗവർണറേറ്റിലെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. “, ROP-യിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് ഒമാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദിനവും രാത്രി 7 മുതൽ രാവിലെ 6 വരെ ഓരോ ഗവർണറേറ്റുകൾക്കുള്ളിലും വാണിജ്യ പ്രവർത്തനങ്ങളും, യാത്രകളും വിലക്കിയിട്ടുണ്ട്. ഈ കാലയളവിൽ യാത്രാ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനായി ഓരോ നഗരങ്ങളിലും, ഗ്രാമങ്ങളിലും പോലീസ് പെട്രോളിങ്ങ് സംവിധാനങ്ങൾ ഏർപെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.