പണ്ട് കല്യാണ വീടുകളിൽ മേളം ഒരു രണ്ടു ദിവസം മുൻപ് തന്നെ തുടങ്ങും. നാട്ടുകാരും കുടുംബക്കാരും വീട്ടുകാരും എല്ലാവരും ഒന്നിച്ചു പന്തൽ ഇടീലും പാചകംവെയ്യും കഥകളും ഒരുക്കവും എല്ലാം ആയി ഒരു സന്തോഷമായിരുന്നു അത്.
അങ്ങനെ ഒരു കല്യാണം എന്റെ ഓർമയിൽ ഉള്ളത് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ആന്റിയുടെ കല്യാണം ആയിരുന്നു – അങ്ങ് കുമിളിയിൽ. ഞങ്ങൾ രണ്ടു ദിവസം മുൻപ് തന്നെ അവിടെ എത്തി. എനിക്ക് ചെറിയ ഒരു ഓർമ മാത്രമേ ഉള്ളൂ, എങ്കിലും അത് ഒരു ആഘോഷം ആയിരുന്നു എന്ന് ഓർക്കുന്നുണ്ട്.
അന്ന് എപ്പോഴോ ആണ് ഞാൻ ആദ്യമായി തേക്കടിയിൽ പോയത്. പക്ഷെ ഇത് തേക്കടിയുടെ കഥ അല്ല; ആ കുമിളി കല്യാണ കഥയും അല്ല. ഇത് കല്യാണത്തലേന്ന് വിളമ്പുന്ന കപ്പ ബിരിയാണിയുടെ കഥയാണ്.
പോത്തിന്റെ നെഞ്ചടി ഉപയോഗിച്ച് കപ്പയും കൂട്ടി നന്നായി കുഴച്ചു എടുത്തു ഇലയിൽ വിളമ്പി തരുന്ന ആ കപ്പ ബിരിയാണി ചിലരെങ്കിലും എല്ലും കപ്പയും എന്ന പേരിൽ പറയുന്നു. കല്യാണ ആഘോഷങ്ങൾ ഒക്കെ കുറഞ്ഞെങ്കിലും ഇന്നും നമ്മുടെ നാട്ടിൽ കപ്പ ബിരിയാണി ഒരു താരം തന്നെയാണ്.
ഞങ്ങളും വീട്ടിൽ ഉണ്ടാക്കി ഒരു കപ്പ ബിരിയാണി. പക്ഷെ ഈ കപ്പ ബിരിയാണിയിൽ ബീഫ് അല്ല, പകരം കോഴി ആണ്. കോഴിയും മോശം അല്ല കേട്ടോ… ബീഫ് ആണ് കേമൻ എങ്കിലും.
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്ളോഗർ അല്ലെങ്കിൽ ഫുഡ് വ്ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.