സൗദി: രാജ്യത്ത് ശീതതരംഗം തുടരുന്നു; തുരൈഫ് കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ സൗദി നഗരം

Saudi Arabia

രാജ്യത്ത് കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി അനുഭവപ്പെടുന്ന ശീതതരംഗം ഈ വാരാന്ത്യത്തിലും തുടരുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വടക്കൻ മേഖലകളിൽ താപനില പൂജ്യത്തിന് താഴെ രേഖപ്പെടുത്തിയിരുന്നു.

ഈ വാരാന്ത്യത്തിൽ റിയാദിൽ താപനില മൈനസ് മൂന്ന് വരെയും, ഹൈൽ, നോർത്തേൺ ബോർഡേഴ്സ്, മദിനയുടെ വടക്കൻ മേഖലകൾ തുടങ്ങിയ ഇടങ്ങളിൽ മൈനസ് അഞ്ച് വരെയും താഴാനിടയുണ്ടെന്ന് സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ വക്താവ് ഹുസൈൻ അൽ ഖിയാഹ്താനി ചൂണ്ടിക്കാട്ടി. ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, കാലാവസ്ഥാ അറിയിപ്പുകൾ പിന്തുടരണമെന്നും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദിയിൽ കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ നഗരമായി തുരൈഫ് മാറിയതായി 2022 ജനുവരി 19-ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തുരൈഫിൽ അന്തരീക്ഷ താപനില മൈനസ് ആറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുരൈഫിലെ മലനിരകളിലും, സമതലങ്ങളിലും മഞ്ഞ് വീഴ്ച്ച അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മേഖലയിലേക്ക് സന്ദർശകർ എത്തുന്നുണ്ട്.

Turaif City, Saudi Arabia. Source: NCM.

അൽ ഖുരൈത്ത് ഗവർണറേറ്റിൽ മൈനസ് അഞ്ച്, അറാറിൽ മൈനസ് 4 എന്നിങ്ങനെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.