സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് ഒമാനിൽ നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. കുടുംബങ്ങൾ, വ്യക്തികൾ മുതലായവരുടെ ജീവിതാവസ്ഥകൾ പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ട് തുകകൾ പിരിച്ചെടുക്കുന്നത് രാജ്യത്ത് കുറ്റകരമായ പ്രവർത്തനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
“അപകീര്‍ത്തികരമായ രീതിയിൽ കുടുംബങ്ങൾ, വ്യക്തികൾ എന്നിവരുടെ ജീവിതാവസ്ഥകൾ അടങ്ങിയ ഫോട്ടോ, വീഡിയോ മുതലായവ ഉപയോഗിച്ച് കൊണ്ട് പൊതുസമൂഹത്തിൽ നിന്നും സംഭാവനകൾ പിരിക്കുന്നത് ഒമാനിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ നിയമനടപടികൾ കൈകൊള്ളാവുന്ന കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. “സമൂഹ മാധ്യമങ്ങളിലൂടെയും, മറ്റെല്ലാ തരത്തിലും ഇത്തരത്തിൽ പൊതു സമൂഹത്തിൽ നിന്ന് സംഭാവനകൾ അഭ്യർത്ഥിക്കുന്നതിനു, പ്രത്യേക അനുവാദം ആവശ്യമാണ്.”, മന്ത്രാലയം ഒമാൻ പൗരന്മാരെയും, നിവാസികളെയും ഓർമ്മപ്പെടുത്തി.
ഇത്തരത്തിൽ സംഭാവനകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളോടോ, ആവശ്യങ്ങളോടോ പ്രതികരിക്കരുതെന്നും, മന്ത്രാലയം പൊതു സമൂഹത്തിനോട് ആവശ്യപ്പെട്ടു. സംഭാവനകൾ ചോദിച്ച് സമീപിക്കുന്നവർക്ക്, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രത്യേക ലൈസൻസ് ഉണ്ടോ എന്ന് ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി.