അബുദാബി: കണ്ടൽക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആഗോള സമ്മേളനം ഡിസംബർ 10-ന് ആരംഭിക്കും

featured GCC News

കണ്ടൽക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ‘മംഗ്രോവ്സ് കൺസർവേഷൻ ആൻഡ് റെസ്റ്റോറേഷൻ കോൺഫറൻസ്’ എന്ന ആഗോള സമ്മേളനം 2024 ഡിസംബർ 10-ന് അബുദാബിയിൽ ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ സമ്മേളനത്തിന്റെ ആദ്യ പതിപ്പാണ് അബുദാബിയിൽ വെച്ച് നടത്തുന്നത്. അബുദാബി എൻവിറോണ്മെന്റ് ഏജൻസിയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

അബുദാബി മംഗ്രോവ് ഇനിഷിയേറ്റീവിന് കീഴിലാണ് അബുദാബി എൻവിറോണ്മെന്റ് ഏജൻസി ഈ സമ്മേളനം നടത്തുന്നത്. അബുദാബിയിലെ ബാബ് അൽ ഖസ്ർ ഹോട്ടലിൽ വെച്ച് നടത്തുന്ന ഈ സമ്മേളനം 2024 ഡിസംബർ 10 മുതൽ 12 വരെ നീണ്ട്‌ നിൽക്കും.

82 രാജ്യങ്ങളിൽ നിന്നുള്ള 468 വിദഗ്ദരും, 96 പ്രഭാഷകരും ഈ സമ്മേളനത്തിൽ പങ്കെടുക്കും. അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും, കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ഈ സമ്മേളനത്തിൽ പ്രഭാഷണങ്ങളും, ചർച്ചകളും നടക്കുന്നതാണ്.

കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ എടുത്ത്ക്കാട്ടുന്നത് ലക്ഷ്യമിട്ട് ആഗോളതലത്തിൽ തന്നെ ഇതാദ്യമായാണ് ഇത്തരം ഒരു സമ്മേളനം സംഘടിപ്പിക്കുന്നത്.